തിരുവനന്തപുരം: ദളിതനായതിനാലാണ് തന്നെയും മകളെയും സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് മോഷണക്കുറ്റം ചുമത്തി അപമാനിച്ച എട്ടുവയസ്സുകാരിയുടെ അച്ഛന് ജയചന്ദ്രന്. ഹൈക്കോടതി വിധിച്ച നഷ്ട പരിഹാര തുക നല്‍കുന്നതിന് പകരം വീണ്ടും കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങള്‍ ദളിതരും കൂലിപ്പണിക്കാരും ആയതിനാലാണെന്നും ജയചന്ദ്രന് പറഞ്ഞു.
ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന് പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്. ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതി വിധിച്ച ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്. 28 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അതുവരെ എട്ടുശതമാനം പലിശ ഉള്‍പ്പെടെ നല്‍കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ നഷ്ടപരിഹാരം തരാനാകില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ കെട്ടിവച്ചത് മൂന്ന് ലക്ഷം രൂപയാണ്.
പോലീസുദ്യോഗസ്ഥ കുറ്റം ചെയ്തുവെന്നാണ് കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം പോലീസുകാരിയില്‍ നിന്നും വാങ്ങിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്നലെ സര്‍ക്കാരിന്റെ അപ്പീല്‍ കേസ് പരിഗണിച്ചപ്പോള്‍ ആദ്യം സര്‍ക്കാര്‍ ഭാഗം വക്കീല്‍ ഹാജരായില്ല. ഉച്ചയ്ക്ക് ശേഷം പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ജയചന്ദ്രന് പറഞ്ഞു. പട്ടികജാതി കമ്മിഷന്, ബാലാവകാശ കമ്മിഷന് എന്നിവിടങ്ങളില്‍ നിന്നും പോലീസുദ്യോഗസ്ഥയ്ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പരിഗണിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ജയചന്ദ്രന് പറയുന്നു.
ആറ്റിങ്ങല്‍ വഴി വിഎസ്എസ്സിയിലേക്ക് കൂറ്റന്‍ യന്ത്രസാമഗ്രിയുമായി പോയ ലോറികാണാന്‍ പോയതായിരുന്നു ജയചന്ദ്രനും മകളും. അവിടെ സമീപമുണ്ടായിരുന്ന പിങ്ക് പോലീസിന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയചന്ദ്രനെയും മകളെയും വനിതാ പോലീസുകാരി അപമാനിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയതോടെ ഫോണ്‍ വാഹനത്തില്‍ നിന്നും തന്നെ കണ്ടെടുത്തു.
കുട്ടിയെ അപമാനിച്ചതിന് ഒന്നരലക്ഷം നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും അത് നല്‍കാതെ സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: