ന്യൂദല്‍ഹി : കര്‍ണ്ണാടക ഹിജാബ് വിഷയത്തില്‍ അടിയന്തിര വാദം കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി. ഹിജാബുമായി ബന്ധപ്പെട്ട അപ്പീല്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതവേഷങ്ങള്‍ ധരിക്കുന്നത് വിലക്കിയ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ട് ഹൈക്കോടതി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ എതിര്‍ഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹിജാബ് എന്നത് ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരമല്ലെന്നായിരുന്നു കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ പ്രതിപാദിച്ചിരുന്നത്. 11 ദിവസത്തോളം കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവേഷം വിലക്കികൊണ്ടുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവില്‍ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്ന മൗലികാവകാശ ലംഘനമല്ല. എന്ന് അറിയിച്ചുകൊണ്ട് ഹിജാബിന് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണ്ണാടക ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.
എന്നാല്‍ ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ല. അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും ഹര്‍ജിക്കാരായ ഉഡുപ്പി പിയു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വിഷയത്തില്‍ പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ബെംഗളൂരുവിലടക്കം കര്‍ണ്ണാടകയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: