കോഴിക്കോട്/ചെങ്ങന്നൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സര്‍വേക്കല്ല് സ്ഥാപിക്കുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. ഇന്നലെ കോഴിക്കോട്ടും ചെങ്ങന്നൂരും ഉദ്യോഗസ്ഥര്ക്കെതിരേ ജനങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. പോലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നതോടെ സംഘര്‍ഷമുണ്ടായി.
മീഞ്ചന്ത മാത്തോട്ടത്താണ് വന്പ്രതിഷേധമുണ്ടായത്. സ്ത്രീകളുള്‍പ്പെടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കെ റെയില്‍ ഉദ്യോഗസ്ഥരും പോലീസും റവന്യു ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞു പോകാനോ പ്രതിഷേധം അവസാനിപ്പിക്കാനോ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്ത ശേഷം പോലീസ് സംരക്ഷണത്തില്‍ വീട്ടുമുറ്റത്ത് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു.
മീഞ്ചന്ത റെയില്‍വെ ഗേറ്റിന് സമീപത്തെ വീട്ടുമുറ്റത്ത് കെ റെയില്‍ സര്‍വേ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കൗണ്‍സിലര്‍ പോലുമറിയാതെയാണ് സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് വീട്ടുമുറ്റത്ത് സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത്.
ചെങ്ങന്നൂരിലെ കൊഴുവല്ലൂരില്‍ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. മന്ത്രി സജി ചെറിയാന്റെ വീടിന് സമീപത്തായിരുന്നു പ്രതിഷേധം. ടയര്‍ കത്തിച്ച് അതില്‍ ചാടുമെന്ന് നാട്ടുകാര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം സ്ഥലത്തെത്തി. മന്ത്രി സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: