ശ്രീനഗർ : കശ്മീരിന്റെ നേര്‍ചിത്രം കൊണ്ടുവന്ന കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങളെ മറനീക്കി പുറത്തുകൊണ്ട് വരികയാണ്. ഇതുവരെ അധികം പുറംലോകമറിയാത്ത പല തീവ്ര ഇസ്ലാമിക ഭീകരരും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ഇക്കൂട്ടത്തില്‍ ആസിയ അന്ദ്രാബിയും കശ്മീര്‍ ഫയല്‍സില്‍ കടന്നുവരുന്നു. കശ്മീരിലെ ഏറ്റവും വലിയ വനിതാ ജിഹാദികളുടെ ശൃംഖലയായ ദുഖ്തരൻ-ഇ-മില്ലത്തിന്റെ നേതാവും കശ്മീരിനെ ഹിന്ദുക്കളില്‍ നിന്നും മോചിപ്പിക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്ത തീവ്രവാദി.
കശ്മീര്‍ സര്‍വ്വകലാശാലയില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ഈ വിദ്യാര്‍ത്ഥിനി പണ്ട് കശ്മീരില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. അവര്‍ ശ്രീനഗറില്‍ പാകിസ്ഥാന്‍ ദേശീയഗാനവും ആലപിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസിയ അന്ദ്രാബിയെ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ലഷ്കര്‍ ഇ ത്വയിബ നേതാവായ ഹഫീസ് സയിദാണ്.
കശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണമെന്ന് വർഷങ്ങളായി സ്വപ്നം കാണുന്ന വിഘടനവാദിയാണ് ആസിയ അന്ദ്രാബി. 1980-കളുടെ തുടക്കത്തിൽ, സ്ത്രീകൾക്കായി ആസിയ താലിമുൽ ഖുറാൻ എന്ന പേരില്‍ ഒരു മദ്രസ നടത്തിയിരുന്നു. പിന്നീടാണ് ദുഖ്തരൻ-ഇ-മില്ലത്ത് എന്ന ഭീകര സംഘടന രൂപീകരിച്ചത്. അതിലൂടെ കശ്മീര്‍ താഴ്‌വരയിലെ മുസ്‌ലിം സ്ത്രീകളെ തീവ്രവാദികളാക്കി ഇന്ത്യയ്‌ക്കെതിരെ അണിനിരത്താന്‍ ആസിയയ്‌ക്ക് കഴിഞ്ഞു.
അക്രമത്തിന് മടിയില്ലാത്ത ആസിയ അന്ദ്രാബിയാണ് കശ്മീരിൽ കല്ലേറ് എന്ന പ്രതിഷേധ രീതി ഉണ്ടാക്കിയത്. . ദുഖ്‌തരൻ-ഇ-മില്ലത്ത് പ്രവർത്തകരുടെ ഗ്രാമ ശൃംഖല വഴി കശ്മീരിലുടനീളം റാലികളും കല്ലേറും , ആക്രമണങ്ങളും നടത്തി. പാക് വിഘടനവാദികളുമായി അടുത്ത ബന്ധമായിരുന്നു ആസിയ അന്ദ്രാബിക്ക്. മസരത്ത് ആലം എന്ന പാക് വിഘടന സംഘടനയുമായും അന്ദ്രാബിക്ക് ബന്ധമുണ്ടായിരുന്നു. താഴ്‌വരയിലെ തീവ്രവാദത്തിന്റെ പേരില്‍ അന്ദ്രാബിയ്‌ക്ക് ഒട്ടേറെ കേസുകളുണ്ട്.
വിദ്വേഷജനകമായ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അന്ദ്രാബി, ഓൾ-പാർട്ടി ഹുറിയത്ത് കോൺഫറൻസിലെ അംഗം കൂടിയാണ്. വിഘടനവാദ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തിന് നിരവധി തവണ അറസ്റ്റിലായിട്ടുമുണ്ട്. 1990-കളിൽ താഴ്‌വരയിൽ ‘ജിഹാദി’ ഭീകരതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട അവർ 1994-ൽ മോചിതയായി.
കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ കലാപത്തിന് പിന്നിലും അന്ദ്രാബിക്ക് പങ്കുണ്ട്. ഇതിന്റെ പേരില്‍ 2010 ൽ അവർ അറസ്റ്റിലായി. പിന്നീട് വിട്ടയക്കപ്പെട്ട അവര്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് 2015 ൽ വീണ്ടും അറസ്റ്റിലായി. ഇന്ത്യയ്‌ക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ ആസിയ അന്ദ്രാബിയെ 2018-ൽ എൻഐഎ പിടിച്ചു. 2015ല്‍ ബീഫ് നിരോധനമുണ്ടായപ്പോള്‍ കശ്മീരിലെ ലാല്‍ ചൗക്കില്‍ പരസ്യമായി പശുക്കളെ അറുത്ത് പ്രതിഷേധിക്കുമെന്ന് അന്ദ്രാബി പ്രഖ്യാപിച്ചിരുന്നു.
താഴ്‌വരയിൽ ഭീകരത വളർത്താൻ ആസിയ അന്ദ്രാബിക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭിച്ചിരുന്നു. ദുബായിലും സൗദിയിലുമുള്ള ബന്ധുക്കള്‍ വഴി വന്‍തുകയാണ് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ, 2011 മുതൽ മലേഷ്യയിലുള്ള മകന്റെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയുള്ള സ്വകാര്യ നേട്ടങ്ങൾക്കായി അവർ ഈ തുക ഉപയോഗിച്ചെന്നും എൻഐഎ ആരോപിക്കുന്നു. ഈ മകന് കശ്മീരിലെ താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി പ്രണയമുണ്ടായതിനെ പക്ഷെ അന്ദ്രാബി എതിര്‍ത്തു. എന്നാല്‍ ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന വാശിയിലാണ് മകന്‍. ഈ പെണ്‍കുട്ടിയാകട്ടെ ഒരു തയ്യല്‍ക്കാരന്റെ മകളാണ്.
2020-ൽ, ഇന്ത്യയ്‌ക്കെതിരെ പോരാട്ടം , രാജ്യദ്രോഹം, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ആസിയ അന്ദ്രാബിക്കും രണ്ട് കൂട്ടാളികൾക്കുമെതിരെ കേസെടുത്തു.
പാക് ഭീകരൻ ഹഫീസ് സയീദുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത് പാക് സൈനിക ഉദ്യോഗസ്ഥൻ വഴിയാണെന്ന് ആസിയ അന്ദ്രാബി വെളിപ്പെടുത്തിയിരുന്നു. അന്ദ്രാബിയുടെ അനന്തരവൻ പാക് ആർമിയിൽ ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു . പാക് സൈന്യവുമായും , രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബന്ധമുള്ള അടുത്ത ബന്ധുക്കളുമുണ്ട് ആസിയയ്‌ക്ക്. ലാഹോറില്‍ നിന്നും സൗദിയില്‍ നിന്നും വന്‍തുകകള്‍ അന്ദ്രാബിക്ക് ഒഴുകിയിരുന്നു.
ശ്രീനഗറിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലും സർക്കാരിനെതിരെ അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സൈനികരെ കല്ലെറിയാനും ഹുറിയത്ത് അനുകൂലികളെയും യുവാക്കളേയും അണിനിരത്താനും ആസിയ വിദേശ ഫണ്ട് ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ കശ്മീരിലെ മുസ്ലിം യുവാക്കളുടെ കല്ലേറ് ഇന്ത്യന്‍ സേനയ്‌ക്ക് വലിയ തലവേദനയായിരുന്നു. ആസിയയുടെ ഭർത്താവ് ആഷിഖ് ഹുസൈന്‍ ഫക്തൂ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്ഥാപക അംഗമാണ്. ഇദ്ദേഹം ശ്രീനഗർ ജയിലിൽ ജീവപര്യന്തം തടവിലാണ്. 2003-ൽ, പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും 1992-ൽ കശ്മീരി പണ്ഡിറ്റ് ഹൃദയ് നാഥ് വാഞ്ചുവിനെ കൊലപ്പെടുത്തിയത് ആഷിഖ് ഹുസൈന്‍ ഫക്തൂ ആണ്.
ആസിയ അന്ദ്രാബിയെക്കുറിച്ചുള്ള അപ്രിയസത്യങ്ങളെല്ലാം കശ്മീര്‍ ഫയല്‍സ് പുറത്തുകൊണ്ടുവരുന്നു. ഇതോടെ കശ്മീരിന്റെ വികൃതമായ മറ്റൊരു മുഖം കണ്ട് ഞെട്ടുകയാണ് ഇന്ത്യയിലെ പ്രേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: