തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കുമായി മുന്നോട്ട് പോകാനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിനെ കണ്ട് ബസ്സുടമകള്‍ നോട്ടീസ് നല്കി. ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ചാര്‍ജ് വര്‍ധന വേണമെന്ന ബസ്സുടമകളുടെ ആവശ്യം ന്യായമാണ്. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ന് ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപയാക്കി വര്‍ധിപ്പിക്കണം. ഇനി പത്ത് രൂപ പോരെന്നാണ് ബസ്സുടമകളുടെ ആവശ്യം. കൂടാതെ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമുണ്ടായില്ല. മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: