അന്തിക്കാട് (തൃശൂർ) : വാദ്യകലാ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് പ്രശസ്ത ചെണ്ട കലാകാരനായ പഴുവിൽ രഘുമാരാർ. മേളത്തിന് ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് പഴുവിൽ സ്വദേശിയായ രഘുമാരാർ ( 59 ).
ചെണ്ടവാദനത്തിന്റെ പ്രാഥമിക പാഠങ്ങൾ പിതാവിൽ നിന്നാണ് രഘുമാരാർ ഹൃദ്യസ്ഥമാക്കിയത്. 1979 ൽ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ചേർന്ന് നാല് വർഷം കുഞ്ചുണ്ണിയാശാന്റെ കീഴിൽ തായമ്പകയും കേളിയും അഭ്യസിച്ചു. ഇതേ കാലയളവിനുള്ളിൽ തന്നെ കഥകളിയും ചെണ്ടയും പഠിച്ചെടുത്തു. പഞ്ചാരി മേളത്തിന്റെ കുലപതിയായിരുന്ന അന്തരിച്ച പെരുവനം അപ്പുമാരാരുടെ കൂടെയാണ് രഘുമാരാർ തന്റെ മേള സപര്യക്ക് തുടക്കം കുറിച്ചത്. 1984 ൽ പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി ചുമതലയേറ്റു.
പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടന്നു കൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ, എറണാകുളം, തൃശൂർ, തൃപ്രയാർ, ഗുരുവായൂർ, ചിനക്കത്തൂർ തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിൽ പ്രമാണിയായും രഘുമാരാരുടെ സജീവ സാന്നിദ്ധ്യമുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ തന്റെ കലാവൈഭവം തെളിയിച്ചിട്ടുണ്ട്. അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാസമിതിയുടെ കീഴിൽ 200 ലധികം വിദ്യാർത്ഥികളെ പ്രതിഫലേച്ച കൂടാതെ പരിശീലനം നൽകി വരുന്നുണ്ട്.
അപൂർവ മേളങ്ങളായ അടന്ത, അഞ്ചടന്ത, ധ്രുവം, ചെമ്പട, ചെമ്പ എന്നിവയിൽ രഘുമാരാരുടെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. വാദ്യശ്രേഷ്ഠ പുരസ്കാരം, കനക കങ്കണം, പാറമേക്കാവ് സുവർണ്ണ മുദ്ര, കേളി സുവർണശംഖ് പുരസ്കാരം, മൂർക്കനാട് നന്തി പുരസ്കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ രഘുമാരാരെ തേടിയെത്തിയിട്ടുണ്ട്. പഴുവിൽ മാരാത്ത് മാധവ മാരാരുടെയും ചക്കംകുളങ്ങര മാധവി മാരസ്യാരുടെയും മകനാണ് രഘുമാരാർ. ഭാര്യ: മാലിനി ദേവി. മകൻ : അതുൽ രാമൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: