ടി.പി. സിന്ധുമോള്‍
കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 2022-23 സാമ്പത്തികവര്‍ഷത്തിലേക്കായി അവതരിപ്പിച്ച ബജറ്റ് ദിശാരഹിതവും ഭാവനാശൂന്യവുമാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കായി നീക്കിയിരുപ്പ് നടത്തിയ തുകയും, ബജറ്റിന്റെ പരാജയം വിളിച്ചുപറയുന്നുണ്ട്. കുടുംബ ബജറ്റിന്റെ കാവല്ക്കാര് എന്ന നിലയില്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവച്ച തുക പരിശോധിക്കുമ്പോഴാണ്, ഈ ബജറ്റ് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത്.
ജെന്‍ഡര്‍ ബജറ്റില്‍ 4,665.20 കോടി രൂപ വകമാറ്റിയെന്ന ഒഴുക്കന്‍ പ്രഖ്യാപനമല്ലാതെ എന്തൊക്കെ പദ്ധതികള്‍ എന്ന സൂചന ബജറ്റിലില്ല. സംസ്ഥാനത്തിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 20 ശതമാനം മാത്രമാണിത്. സ്ത്രീകളേയും കുട്ടികളേയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരേയും ഈ ബജറ്റ് എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണിത്. മാത്രമല്ല കഴിഞ്ഞ ബജറ്റിന്റെ കാലത്ത് ജെന്‍ഡര്‍ ബജറ്റിനായി നീക്കിവച്ചത് 40,254 കോടി രൂപയാണ്. ഈ തുക പോലും ചെലവാക്കിയിട്ടില്ല എന്നതാണ് വസ്തുത. സ്ത്രീകളുടെയും കുട്ടികളുടെയും പ്രയോജനത്തിനായി കൃത്യതയോടെ ആസൂത്രണം ചെയ്ത പദ്ധതികള്‍ ഈ ബജറ്റിലും ഇല്ല.
സ്ത്രീ സൗഹൃദമല്ലാത്ത ബജറ്റ്
ബജറ്റ് ആകെ പരിശോധിക്കുമ്പോള്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് 260 കോടി രൂപ മാറ്റിവച്ചതാണ് സ്ത്രീകള്‍ക്കായുള്ള ഒരു പ്രധാന വകയിരുത്തല്‍. പോക്സോ കേസുകളുടെ നടത്തിപ്പിനായി 28 കോടതികള്‍ സ്ഥാപിക്കുന്നതും, അതിലേക്കായി 28 കോടി വകമാറ്റിയതുമാണ് മറ്റൊന്ന്. എന്നാല്‍ പോക്സോ കോടതികള്‍, സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥാപിച്ചിട്ടുള്ളത്. അതിലേക്ക് തുക മാറ്റിയതും സുപ്രീം കോടതി നിര്‍ദേശം പാലിക്കാനാണ്.
സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം കിഴങ്ങുകളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ്. സ്വതവേ തന്നെ മദ്യ ഉപഭോഗം കൂടുതലുള്ള നമ്മുടെ നാട്ടില്‍ കൂടുതല്‍ മദ്യപന്മാരെ സൃഷ്ടിക്കുവാന്‍ മാത്രമേ ഇതു സഹായിക്കൂ. അതേസമയം മദ്യവിമുക്തി ശ്രമങ്ങള്‍ക്കായും ബജറ്റില്‍ പണം വകയിരുത്തുന്നു. കുടം കമഴ്ത്തിവച്ച് വെള്ളം ഒഴിക്കുന്നതിന് തുല്യമാണിത്. യാതൊരു ഗൃഹപാഠവുമില്ലാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ഇതില്‍നിന്നും വ്യക്തം. മദ്യ ഉപഭോഗം മൂലം താളം തെറ്റുന്ന കുടുംബ ബന്ധങ്ങളും കുടുംബ ബജറ്റും സ്ത്രീകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുക.
‘വര്‍ക്ക് നിയര്‍ ഹോം’ എന്ന മറ്റൊരു പദ്ധതിയാണ് സ്ത്രീകളുടെ ആവശ്യം പരിഗണിച്ച് കൊണ്ടുവന്നത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതു പുതിയ പ്രഖ്യാപനമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡോ. തോമസ് ഐസക് തന്നെ പദ്ധതി പ്രായോഗികമല്ല എന്നുകണ്ട് അതിനുവേണ്ടി മാറ്റിവച്ച തുക വകമാറ്റി ചെലവഴിച്ചു. അത്തരത്തില്‍ പരാജയപ്പെട്ട ഒന്നാണ് ‘സ്ത്രീ സൗഹൃദ പദ്ധതി’ എന്ന മേല്‍വിലാസത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ നേരിട്ട് തൊഴിലില്‍ ഏര്‍പ്പെടുന്ന ഒരു മേഖലയാണ് ടൂറിസം. ഈ മേഖലക്കും ബജറ്റ് മതിയായ തുക നല്‍കുന്നില്ല. ക്ഷേമപദ്ധതികളുടെ മേന്മ പറഞ്ഞാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ പാലം കയറിക്കഴിയുമ്പോള്‍ ‘കൂരായണ’ എന്ന നിലപാടാണ് ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ഈ സര്‍ക്കാരിനുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന തെരഞ്ഞെടുപ്പ് വാദ്ധാനം ബജറ്റില്‍ പ്രതിഫലിച്ചിട്ടില്ല.
നിര്‍ദ്ദേശങ്ങളില്ല; പ്രഖ്യാപനം മാത്രം
പട്ടികജാതി, വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായും ബജറ്റില്‍ പദ്ധതികളില്ല. രണ്ടു വര്‍ഷമായി പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് മുടങ്ങിയിട്ട്. കഴിഞ്ഞ ബജറ്റില്‍ പട്ടികജാതി ഭവന നിര്മാണത്തിനുവേണ്ടി 400 കോടി രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ തുക ചെലവഴിക്കാതെ പാഴായിപ്പോകുകയാണുണ്ടായത്. പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ശരിയായ ഫണ്ട് വിനിയോഗം നടക്കുന്നില്ല.
കെ ഫോണിനും സില്‍വര്‍ലൈനിനും തുക മാറ്റിവച്ചപ്പോഴും അടിസ്ഥാന മേഖലകളെ അഭിസംബോധന ചെയ്യാതെയാണ് കേന്ദ്രാനുമതി പോലും ലഭിക്കാത്ത സില്‍വര്‍ലൈനുവേണ്ടി 2000 കോടി ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ബജറ്റിലില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളുമില്ല. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നുള്ള മുദ്രാവാക്യങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന് ധനമന്ത്രി പറയുന്നില്ല.
വ്യവസായ മേഖലയിലും കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ല. നാമമാത്രമായ വര്‍ധനവ് മാത്രമാണ് കഴിഞ്ഞബജറ്റില്നിന്ന് ഈ ബജറ്റില്‍ അധികമായുള്ളത്. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ഖജനാവിന്റെ ഭൂരിഭാഗം ചെലവഴിക്കുന്ന രീതി ഈ ബജറ്റും പിന്തുടരുന്നു. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തിന് ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്കുമ്പോഴും, നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി പോലുള്ളവയെ ലാഭത്തിലാക്കാനുള്ള പ്രായോഗിക ശ്രമങ്ങള്‍ ഇല്ല. ആയിരം കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കുവേണ്ടി ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
കോടികളുടെ പ്രഖ്യാപനം നടത്തുമ്പോഴും ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 46500 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. ഈ വര്‍ഷവും കൂടുതല്‍ കടമെടുത്താല്‍ മാത്രമേ അന്‍പത് ശതമാനം പദ്ധതികളെങ്കിലും പ്രാവര്‍ത്തികമാകൂ.ഇടതുപക്ഷത്തിന്റെ ആദര്‍ശത്തിലും ഈ ബജറ്റ് വെള്ളം ചേര്‍ക്കുന്നു. ഭൂപരിഷ്കരണ നിയമത്തിലെ തോട്ടങ്ങളുടെ പരിധിയിലേക്ക് കൂടുതല്‍ വിളകളെ ചേര്‍ക്കാന്‍ ധനമന്ത്രി ശിപാര്‍ശ ചെയ്യുന്നു. ഭൂപരിഷ്കരണ നിയമം പരാജയമായിരുന്നു എന്ന ആരോപണം വ്യംഗ്യേന സമ്മതിക്കലാണ് ഇത്. ഭൂപരിഷ്കരണ നിയമം മൂലം ഒരു വിഭാഗത്തിനു മാത്രം നഷ്ടം ഉണ്ടായി എന്നുള്ള വാദം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം ശരിവയ്ക്കുന്നു.
ചെറുകിട ഡീസല്‍ വാഹനങ്ങള്‍ക്കുവരെ ഹരിതനികുതി ഏര്‍പ്പെടുത്തിയ ബജറ്റ്, മുന്‍കിട കാരവാനുകളുടെ നികുതി കുറച്ചു. ഈ പ്രഖ്യാപനം സിപിഎം മുതലാളിത്ത പക്ഷത്തേക്ക് ചായുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.ഇത്തരത്തില്‍ വരുമാന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാത്ത, പ്രായോഗികത ഇല്ലാത്ത ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തന്റെ മുന്‍ഗാമിയെപ്പോലെ സാഹിത്യ കവിതാ ശകലങ്ങള്‍, ബജറ്റില്‍ അനവസരത്തില്‍ കുത്തിനിറച്ചില്ല എന്നതു ശരിതന്നെ. എന്നാല്‍ പൊങ്ങച്ചത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍ഗാമിയെ കടത്തിവെട്ടുന്ന നിലപാടുകളാണ് ബാലഗോപാലിന്റേത്. ലോകസമാധാനത്തിനായി രണ്ട് കോടി മുടക്കി യോഗം നടത്തുമെന്ന പ്രഖ്യാപനം അത്തരത്തിലൊന്നാണ്. ഫലത്തില്‍ അടിസ്ഥാനമില്ലാത്ത ഒരു രാഷ്ട്രീയ അവകാശവാദമായി ബജറ്റ് തരംതാണു. ബജറ്റിലും അന്ധമായ കേന്ദ്രവിരോധം കുത്തിനിറക്കാനാണ് മന്ത്രി ശ്രമിച്ചത്. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത ബജറ്റ് ‘മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: