തിരുവനന്തപുരം: കെ. റെയില്‍ പദ്ധതിക്ക് എതിരെ നിന്നാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി എഎന്‍ ഷംസീര്‍ എംഎല്‍എ. കെ. റെയിലിന്റെ കുറ്റി പറിച്ചാല്‍ ഇനി അടികിട്ടും. സില്‍വര്‍ ലൈനിന്റെ തൂണ് പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്ക്. എന്നിട്ട് പൊലീസിന്റെയടുത്തുനിന്ന് അടി കിട്ടിയെന്ന് പറയുന്നു. തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.കെ റെയില്‍ സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാധ്യത ടൂറിസത്തിലാണെന്നും അതിന് കെ റെയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. 2023 ആകുമ്പോള്‍ രാജസ്ഥാനും ചത്തിസ്ഗഡും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നും അപ്പോള്‍ കോണ്‍ഗ്രസ് സി.പി.എമ്മിന് പിന്നിലാകുമെന്നും ഷംസീര്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് പോലീസ് ഗുണ്ടായിസമാണെന്ന് പി സി വിഷ്ണുനാഥ്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് കെറെയിലിന്റെ മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുകയാണെന്ന് വിഷ്ണുനാഥ് ആരോപിച്ചു. കേരള പോലീസ് കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കളെ മര്‍ദ്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി വിഷ്ണുനാഥാണ് ചര്‍ച്ച തുടങ്ങിയത്.
പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത് പ്രതിപക്ഷത്തിന്റെയും സമരക്കാരുടെയും വീട്ടമ്മമാരുടെയും വിജയമാണ്. നേരത്തേ വിഷയത്തില്‍ ചര്‍ച്ചയേ ആവശ്യമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. അതില്‍ നിന്നാണ് ഇപ്പോള്‍ പിന്നാക്കം പോയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കല്ലിടല്‍. സാമൂഹിക ആഘാത പഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നത്.സര്‍ക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണിത്.
കമ്മീഷനടിക്കാനുള്ളതാണ് കെ റെയില്‍. കാലഹരണപ്പെട്ട സാമഗ്രികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പദ്ധതിയില്‍ അടിമുടി ദുരൂഹതയാണ്. ആരാണ് പദ്ധതി ആവശ്യപ്പെട്ടത്. വിനാശകരമായ മഞ്ഞക്കുറ്റിക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: