ആലപ്പുഴ : ലിക്വിഡേഷനിലുള്ള പാതിരപ്പള്ളി എക്സല്‍ ഗ്ളാസസ് ഫാക്ടറിയുടെ ലേലനടപടികള്‍ 24ന് വീണ്ടും നടക്കും. ഇതു സംബന്ധിച്ച് ലിക്വിഡേറ്റര്‍ അറിയിപ്പു പ്രസിദ്ധീകരിച്ചു. അന്നു മൂന്നു മുതല്‍ ഓണ്‍ലൈനായാണ് ലേലം നടക്കുക. മുന്‍പ് എട്ടുതവണ ലേലത്തിനു ശ്രമിച്ചെങ്കിലും ആരും പങ്കെടുത്തില്ല. ഫാക്ടറിയിലെ ആക്രികള്‍ മാത്രമാണ് വില്‍ക്കാനായത്. ഇതിന്റെ മറവില്‍ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയെന്നും ആരോപണമുയര്‍ന്നിരുന്നു.
ലേല നടപടികള്‍ രണ്ടുവര്‍ഷം നീണ്ടപ്പോള്‍ ലേലത്തുകയില്‍ വന്നത് 13.31 കോടിയുടെ ഇടിവ്. ആദ്യം 99.45 കോടി രൂപയായിരുന്നു ആസ്തിമൂല്യമായി നിശ്ചയിച്ചിരുന്നത്. ലേലം എട്ടുതവണ മാറ്റിവെച്ചപ്പോള്‍ ഇത് 86.14 കോടിയായി കുറച്ചു. യഥാര്‍ഥ ആസ്തിമൂല്യം ആദ്യം നിശ്ചയിച്ചതിനേക്കാളും വളരെക്കൂടുതലാണെന്നിരിക്കെ തുക കുറച്ചുവെച്ചത് അന്നുതന്നെ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഓരോതവണ ലേലം മാറ്റിവെച്ചപ്പോഴും ഈ തുക കുറച്ചുകൊണ്ടുവന്നു.
2012 മുതല്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ 500-ല്‍ അധികം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം കിട്ടാനുണ്ട്. ലേലം നീളുന്നതിനാല്‍ സര്‍ക്കാര്‍ഇടപെട്ട് പ്രശ്നംപരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ ബജറ്റില്‍ നാലുകോടിരൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
കമ്പനി ലിക്വിഡേറ്ററുടെ പുതിയ അറിയിപ്പുപ്രകാരം ഫാക്ടറിക്കെട്ടിടത്തിനു മൂന്നുകോടി, പാതിരപ്പള്ളിയില്‍ ഫാക്ടറിനില്ക്കുന്ന സ്ഥലത്തിന് 80 കോടി, പള്ളിപ്പുറത്തെ സ്ഥലങ്ങള്‍ക്ക് 1.55 കോടി, 1.59 കോടി എന്നിങ്ങനെയുമാണ് വിലയിട്ടിരിക്കുന്നത്. 22 ഏക്കറോളം സ്ഥലം, കെട്ടിടം, യന്ത്രസാമഗ്രികള്‍ എന്നിവക്കെല്ലാം കൂടി ഇതിലും എത്രയോ മടങ്ങ് വിലവരുമെന്നതാണ് യാഥാര്‍ഥ്യം. ഇത്തവണത്തെ ബജറ്റിലും കമ്പനി ഏറ്റെടുക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി യാതൊരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: