ഇടുക്കി: ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാതിരുന്നത് മലയോര ജനതയെ നിരാശയിലാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ അവഗണിക്കപ്പട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പ്രാഥമിക പഠനം നടത്താന്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.
12,000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ 75 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതേസമയം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതും പ്രതീക്ഷ നല്‍കുന്നുണ്ട്. 15 കോടി രൂപയാണ് ബജറ്റില്‍ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ജനങ്ങളില്‍ ഇറിഗേഷന്‍ പദ്ധതികളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ ഇടുക്കിയില്‍ ജലസേചന മ്യൂസിയം സ്ഥാപിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് വേണ്ടി നേരിട്ട് പദ്ധതികളില്ലെങ്കിലും പൊതുവായ പ്രഖ്യാപിച്ച ചില പദ്ധതികല്‍ ഇടുക്കിക്കും നേട്ടമാകും.
സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ മണല്‍ വാരുന്നതിന് തുക നീക്കി വച്ചത് ജില്ലയ്ക്ക് പ്രയോജനകരമാകും. ഇതുവഴി ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. വന്യമൃഗശല്യം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ജില്ലയുടെ കായിക വികസനത്തിനുമുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ഉദാര വ്യവസ്ഥയില്‍ 50 ലക്ഷം വരെ വായ്പ നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 25 ശതമാനമോ പത്തുലക്ഷം രൂപയോ ഏതാണോ കുറവ് അതു സബ്സിഡിയായി നല്‍കും. മലയോര മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കേടുവരാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ പദ്ധതിയും മലയോര ജില്ലയ്ക്ക് നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: