തിരുവനന്തപുരം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്.
ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് മണിക്കൂറാണ് സില്‍വര്‍ ലൈനിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പി.സി. വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. നിയമസഭയെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സർവ്വേ നടപടികളും കല്ലിടലും മൂലമുള്ള സംഘർഷങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിച്ചിരുന്നു.
നോട്ടീസിന് മറുപടി നൽകുമ്പോൾ വിശദമായ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സിൽവർ ലൈൻ പദ്ധതി നേരിട്ടു ബാധിക്കുന്നവരേയോ ജനപ്രതിനിധികളെയോ വിവരങ്ങൾ ധരിപ്പിക്കാനോ ചർച്ച ചെയ്യാനോ സർക്കാർ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: