കൊച്ചി: കോണ്‍ഗ്രസ് വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നെഹ്റു കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന് ടി. പത്മനാഭന്. കോണ്‍ഗ്രസിന്റെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി. പത്മനാഭന് പറഞ്ഞു. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച് തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും പത്മനാഭന് പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്, എം.എം. ഹസ്സന് തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കെയാണ് വിമര്‍ശനം. എറണാകുളം ഡിസിസിയില്‍ പോള്‍ പി. മാണി ലൈബ്രറിയുടെയും സബര്‍മതി പഠനഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടനസമ്മേളനത്തിലാണ് പത്മനാഭന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ പിന്നെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിക്ക് ശേഷം സ്മൃതി ഇറാനി അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ ചിലവഴിച്ച് വിജയം നേടി. ഒരു കാര്യത്തില്‍ അവരോട് ഞാന്‍ ഹാറ്റ്സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തില്‍ പോയി. അവിടെ പ്രവര്‍ത്തിച്ചു. രാഹുലോ, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വാദ്ര വരാത്ത കുറവേ കോണ്‍ഗ്രസിനുള്ളൂ. ആര്‍ത്തിയും ദുരാര്‍ത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. രാജ്യത്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആശയവുമായി മുന്നോട്ടുപോവുകയാണ് കോണ്‍ഗ്രസിതര രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ അവര്‍ക്കൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാവില്ല. അത് ചെയ്യാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാശി രാംനഗറിലെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് പത്മനാഭന് വിശദീകരിച്ചു. കാശി രാജാവിന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു ചെറുവീടാണ് ശാസ്ത്രിയുടേത്. ആ വീട് നടന്ന് കണ്ട ശേഷം, തൊട്ടടുത്തുള്ള ലസ്സി കടയില്‍ കയറി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കടക്കാരന് ശാസ്ത്രിയെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. അതെങ്ങനെ ഇത്ര കൃത്യമായി താങ്കള്‍ക്കറിയാം എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, ഞാനദ്ദേഹത്തിന്റെ അനു
ജനാണ്. ഇപ്പോഴുമത് ഓര്‍ക്കുമ്പോള്‍ എന്റെ രോമം എഴുന്നു നില്‍ക്കുന്നുവെന്ന് പത്മനാഭന് പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്താകും ഇനി കോണ്‍ഗ്രസിന്റെ ഭാവി എന്നെന്നോട് ചോദിച്ചു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. 94 ാം വയസിലും താന്‍ കോണ്‍ഗ്രസുകാരനാണ്. മരിക്കുമ്പോള്‍ മൂവര്‍ണ്ണക്കൊടി പുതപ്പിച്ച് പൊതുശ്മശാനത്തില്‍ സംസ്കരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: