ലോകത്തിലാവശ്യം സമ്പത്ത് മാത്രമല്ല. സ്വാസ്ഥ്യവും നമ്മള് സൃഷ്ടിക്കേണ്ടതുണ്ട്. സ്വാസ്ഥ്യത്തിലേയ്ക്കുള്ള ഒരു വഴി മാത്രമാണ് സമ്പത്ത്. സര്‍വ്വവും അതല്ല. സമ്പത്ത് ഒരു മതമാണെന്ന പോലെയാണ് പലരുമിന്ന് പെരുമാറുന്നത്. നാമിന്ന് സമ്പത്തിനെ ദൈവതുല്യമാക്കി, അതിനു പിന്നാലെ വിശ്രമമില്ലാതെ ഓടുകയാണ്. ജീവിക്കാനുള്ള ഉപാധി മാത്രമാണ് പണം, അതൊരു ലക്ഷ്യമല്ല. സൗകര്യത്തിനായാണ് നമ്മളത് സൃഷ്ടിച്ചത്. സമ്പത്തിനായുള്ള തിരച്ചിലിനിടയില്‍ ജീവിക്കുന്ന ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ് നാം. സമ്പത്ത് വാരിക്കൂട്ടുന്നതിന് പകരം മനുഷ്യരുടെ സ്വസ്ഥതയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ചിന്തിച്ച് തുടങ്ങിയാല്‍ അത്യാവശ്യമായത് മാത്രമെ നാം ചെയ്യൂ.
പണത്തെ കുറിച്ചുള്ള നമ്മുടെ ധാരണയെ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. കൂടുതല്‍ കെട്ടിടങ്ങളും, കൂടുതല്‍ യന്ത്രങ്ങളും, കൂടുതല്‍ കാറുകളും അങ്ങനെ കൂടുതലായുള്ളതെന്തോ അതെല്ലാം മാത്രമാണോ? കൂടുതലാവുന്നതെല്ലാം മരണമാണ്. സമ്പദ്സമൃദ്ധമായ യൂറോപ്യന്‍ യൂണിയനെ നോക്കൂ; 40 ശതമാനം ജനങ്ങളും മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സയിലാണ്. ഇതിനായുള്ള ഔഷധങ്ങള്‍ കമ്പോളത്തില്‍ നിരോധിച്ചാല്‍ ഭൂഖണ്ഡത്തിെല മനുഷ്യരില്‍ പകുതിയും മാനസിക വിഭ്രാന്തിയിലകപ്പെടും. അതല്ല ക്ഷേമം. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും ഓരോ യൂറോപ്യന്‍ പൗരനും സ്വായത്തമാക്കിയിട്ടുണ്ട്. സമ്പത്ത് മാത്രമാണത്; ക്ഷേമമല്ല. ഈ സമ്പത്തിലൂടെ നിങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്താണ്?
ധ്യാനിക്കാന്‍ നേരമില്ല
അമേരിക്കയിലായിരിക്കുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട്, ‘എന്തുകൊണ്ട് നിങ്ങള്‍ ധ്യാനിക്കുന്നില്ല?’ സര്‍വസാധാരണമായ മറുപടി, ‘ഞങ്ങള്‍ക്ക് ബില്ലടയ്ക്കണമല്ലോ’ എന്നാണ്. ഞാന്‍ പറയും; ‘നിങ്ങളെന്തിനിത്രയധികം ബാധ്യത വലിച്ചു വെയ്ക്കുന്നു? ജീവിതകാലം മുഴുവന്‍ ബില്ലടച്ചു കഷ്ടപ്പെടുകയാണെങ്കില്‍, ബാധ്യതകള്‍ ഏറ്റെടുക്കുന്നതെന്തിന്? നിങ്ങള്‍ക്ക് ചെലവ് ചുരുക്കി സ്വസ്ഥമായി ജീവിക്കാവുന്നതല്ലേയുള്ളൂ? ബില്ലുകളൊക്കെ അടയ്ക്കാനായി, അന്തമില്ലാതെ അദ്ധ്വാനിക്കുകയാണ്. പക്ഷേ പ്രയോജനമെന്ത്?’ സമൂഹത്തിലെല്ലാവരും, അങ്ങനെയാണ്. അതിവിടെ പ്രസക്തമല്ല. ബാഹ്യശക്തികളാണവരെ നയിക്കുന്നത്. നിങ്ങള്‍ക്ക് വിവേകമുണ്ടെങ്കില്‍ അതെല്ലാം നിങ്ങളുടെ സൗകര്യങ്ങളുടെ പരിധി വരെ, ആകാം. മറ്റാരെങ്കിലും ചെയ്യുന്നതുകൊണ്ട് നിങ്ങളുമത് ചെയ്യേണ്ടതില്ല. ജീവിതത്തോടുള്ള തെറ്റായ സമീപനമാണത്.
ജീവിതസന്തുലനം നിലനിര്‍ത്തുക
ബാഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച്, രണ്ടു മനുഷ്യരെ പരിഗണിച്ചാല്‍ രണ്ടുപേര്‍ക്കും ഒരേ തരത്തിലുള്ള സാമര്ത്ഥ്യമുണ്ടാവില്ല. ബാഹ്യപ്രവൃത്തികളിലോ, ആന്തരികക്ഷേമത്തിലോ സാമൂഹികക്ഷേമത്തിലോ മുഴുകിയാല്‍ നമ്മുടെ ഉള്ളിലും ചുറ്റുപാടുമുള്ള ജീവിതസന്തുലനം എത്രത്തോളം നില
നിര്‍ത്താനാവുമെന്ന് നമ്മള് നിശ്ചയിക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള സ്വബോധം ലോകത്തില്ലാതായിരിക്കുന്നു. ഭ്രാന്തമായാണ് നാം മുന്നേറുന്നത.് കാരണം, നമ്മള് സ്വീകരിച്ചിട്ടുള്ള പ്രവൃത്തികള്‍ക്ക് സ്ഥിരതയില്ല. അതിന് എല്ലാം തകര്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്നതിനാല്‍, വേദനാജനകമായ പാഠങ്ങള്‍ നാം പഠിയ്ക്കേണ്ടിവരും. സ്വയമേ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രകൃതി ക്രൂരമായ ഉപായങ്ങളിലൂടെ അത് തിരുത്തും. ബോധപൂര്‍വം ജീവിക്കണോ അല്ലങ്കില്‍ മൂഢരായി ജീവിക്കണോ, എന്നത് മാത്രമേ നമുക്ക് തെരഞ്ഞെടുക്കാനാവൂ. സമ്പത്ത് വേണോ ദാരിദ്ര്യം വേണോ എന്നതല്ല ഇവിടുത്തെ വിഷയം. നമുക്ക് തിരഞ്ഞെടുക്കേണ്ടതായ വഴി, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും തൃപ്തിപ്പെടുന്നതും, വിവേകപൂര്ണവുമാണോ എന്നത് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: