തിരുവനന്തപുരം: ഒന്നാമത് ഇന്ത്യന്‍ ഗ്രാന്‍ പ്രീ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡല്‍. ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. വനിതകളുടെ ലോങ്ജമ്പില്‍ കരിയറിലെ മികച്ച പ്രകടനം (6.55 മീറ്റര്‍) കാഴ്ചവച്ച്് മലയാളി താരം ആന്‍സി സ്വര്‍ണം നേടി. 5.93 മീറ്റര്‍ ചാടി രാജസ്ഥാന്റെ പൂജാ സയ്നി വെള്ളി കരസ്ഥമാക്കി.
പുരുഷന്മാരുടെ ലോങ്ജമ്പില്‍ 7.70 മീറ്റര്‍ ചാടി കേരളത്തിന്റെ മുഹമ്മദ് അനീസ് വെള്ളി നേടി. 8.20 മീറ്റര്‍ ദൂരം കണ്ടെത്തിയ തമിഴ്നാടിന്റെ ജസ്വിന് ആല്‍ഡ്രിനാണ് സ്വര്‍ണം. പുരുഷന്മാരുടെ 400 മീറ്ററില്‍ ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് 45.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കേരളത്തിന്റെ നിര്‍മല്‍ ടോം 46.08 സെക്കന്‍ഡില്‍ വെള്ളി നേടി. വനിതകളുടെ 1500 മീറ്ററില്‍ 4.52.09 മിനിറ്റില്‍ ഓടിയെത്തിയ മലയാളി താരം പ്രിസ്കിലാ ഡാനിയേല്‍ വെള്ളി കരസ്ഥമാക്കി. 4.12.57 മിനിറ്റില്‍ ഫിനിഷ് ചെയ്ത പശ്ചിമബംഗാളിന്റെ ലില്ലിദാസിനാണ് സ്വര്‍ണം. വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അഞ്ജലി പി.ഡി. 24.19 സെക്കന്‍ഡില്‍ വെങ്കലം നേടി. തമിഴ്നാടിന്റെ ധനലക്ഷ്മി 23.21 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹിമാദാസ് 23.45 സെക്കന്‍ഡില്‍ വെള്ളി നേടി.
വനിതകളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ ആഭാ കത്വ 7.13 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. രണ്ടാം സ്ഥാനം വന്ന മന്‍പ്രീത് 16.78 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. പുരുഷന്മാരുടെ 200 മീറ്ററില്‍ അസമിന്റെ അമ്ലന്‍ ബോര്ഗോഹെയ്ന് സ്വര്‍ണം നേടി. വനിതകളുടെ ജാവലിനില്‍ 54.20 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ കുമാരി ശര്‍മിള സ്വര്‍ണം നേടി. പുരുഷന്മാരുടെ ജാവല്നില് 82.43 മീറ്റര്‍ ദൂരം കണ്ടെത്തി കര്‍ണാടകയുടെ മനു ഡി.പി. സ്വര്‍ണം നേടി.
വനിതകളുടെ 400 മീറ്ററില്‍ കര്‍ണാടകയുടെ പ്രിയാ മോഹന്‍ 52.91 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. 53.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയുടെ തന്നെ പൂവമ്മയ്ക്കാണ് വെള്ളി. പുരുഷന്മാരുടെ 1500 മീറ്ററില്‍ 3.43.53 മിനിറ്റില്‍ ഓടിയെത്തി ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് സ്വര്‍ണം നേടി. വനിതകളുടെ 5000 മീറ്ററില്‍ 16.36 മിനിറ്റില്‍ ഓടിയെത്തിയ ഉത്തര്‍പ്രദേശിന്റെ കവിതാ യാദവിനാണ് സ്വര്‍ണം. പുരുഷന്മാരുടെ 5000 മീറ്ററില്‍ ഉത്തര്‍പ്രദേശിന്റെ അഭിഷേക്പാല് 13.56.15 മിനിറ്റില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ കരണ്‍വീര്‍ സിംഗ് 19.06 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: