മോസ്‌കോ: യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ റഷ്യ ചൈനയുടെ സഹായം തേടി. അതേ സമയം റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചൈനയെ അമേരിക്ക താക്കീത് ചെയ്തു. റഷ്യയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ സഹായിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യുഎസ് ചൈനയെ അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ പാതിയോളം സ്വര്‍ണ്ണവും വിദേശനാണ്യശേഖരവും പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ച സ്ഥിതിയിലാണ്. ‘ഞങ്ങളുടെ സ്വര്‍ണ്ണത്തിന്റെയും വിദേശനാണ്യശേഖരത്തിന്റെയും ഒരു പങ്ക് ചൈനയുടെ നാണയമായ യുവാനിലാണ്. ചൈനയുമായി നേരിട്ട് ഇടപാട് നടത്താതിരിക്കാന്‍ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഈ ശേഖരം ഉപയോഗിക്കുന്നതില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ട്’- റഷ്യയുടെ ധനമന്ത്രി ആന്‍റണ്‍ സിലുവനോവ് പറഞ്ഞു.
‘ചൈനയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങള്‍ തമമിലുള്ള സഹകരണം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കരുതുന്നു. പാശ്ചാത്യ വിപണികള്‍ അടയ്‌ക്കുന്ന സാഹചര്യത്തില്‍ ഈ ബന്ധം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും കരുതുന്നു’- അദ്ദേഹം പറഞ്ഞു.
പാശ്ചാത്യരാഷ്ടങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ശക്തമായ ഉപരോധമാണ് റഷ്യയ്‌ക്ക് മീതെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈയിടെ ചൈനയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുടിന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ കണ്ടിരുന്നു.
ഒരു മാസം മുന്‍പ് വരെ പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഉപരോധത്തെ അതിജീവിക്കാമെന്ന് റഷ്യ കരുതിയിരുന്നു. അത്രയും സമ്പന്നമായ കരുതല്‍ ശേഖരം റഷ്യയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശ നാണ്യശേഖരത്തിലെ 30000 കോടി പാശ്ചാര്യ രാഷ്‌ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: