ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇരുവരും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.
ചരിത്രവിജയത്തിന് യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷമായി, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. വരുംവര്‍ഷങ്ങളില്‍ അദ്ദേഹം സംസ്ഥാനത്തെ വികസനത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
ഇന്നലെ ഉച്ചേയാടെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം ദല്‍ഹിയില്‍ എത്തിയത്.
ഹോളിയ്ക്കുശേഷം 21ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയശേഷം തുടര്‍ഭരണം ലഭിക്കുന്ന യുപിയിലെ ആദ്യ ബിജെപി സര്‍ക്കാരാണ് യോഗിയുടേത്. 37 വര്‍ഷത്തിനുശേഷമാണ് ഒരു പാര്‍ട്ടിക്ക് യുപിയില്‍ തുടര്‍ഭരണം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: