ന്യൂദല്‍ഹി: ഉക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ 800ഓളം ഇന്ത്യക്കാരെ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷപ്പെടുത്തിയ 24 കാരിയായ കൊല്‍ക്കത്തക്കാരി പൈലറ്റിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം. ഉക്രൈന്, പോളണ്ട്, ഹംഗറി അതിര്‍ത്തികളില്‍ നിന്നുമാണ് മഹാശ്വേത ചക്രബര്‍ത്തി എന്ന പൈലറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്.
ബംഗാളിലെ ബിജെപി നേതാവും ബംഗാള്‍ മഹിളാ മോര്‍ച്ചാ പ്രസിഡന്റുമായ തനുജ ചക്രബര്‍ത്തിയുടെ മകളാണ് ഈ ധീരയായ പൈലറ്റ്. മഹാശ്വേത അഭിനന്ദിച്ച് ബിജെപി യുവ നേതാവ് പ്രിയങ്ക ശര്‍മ്മ പങ്കുവെച്ച പോസ്റ്റ് വൈറലാണ്. ‘ഇവരോട് വലിയ ബഹുമാനം’- മഹേശ്വേതയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുള്ള ട്വിറ്റര്‍ പോസ്റ്റിനൊപ്പം പ്രിയങ്ക ശര്‍മ്മ കുറിച്ചു.
ഓപ്പറേഷന് ഗംഗയില്‍ ഉക്രൈന് നിന്നും ഇന്ത്യയിലേക്ക് രക്ഷാദൗത്യത്തിനുള്ള വിമാനങ്ങള്‍ പറത്തിയ പൈലറ്റുമാരില്‍ ഒരാളാണ് മഹാശ്വേത ചക്രബര്‍ത്തി. ഇവര്‍ ആറ് യാത്രാവിമാനങ്ങള്‍ ഒഴിപ്പിക്കല്‍ രക്ഷാദൗത്യത്തില്‍ പറത്തി. നാലെണ്ണം പോളണ്ടില്‍ നിന്നും രണ്ടെണ്ണം ഹംഗറിയില്‍ നിന്നും. ഫിബ്രവരി 27നും ഫിബ്രവരി 7 നും ഇടയിലായിരുന്നു മഹേശ്വേത ചക്രബര്‍ത്തി ഇന്ത്യയിലേക്ക് വിമാനം പറത്തിയത്.
‘ജീവിതത്തിലെക്കാലവും മറക്കാനാവാത്ത അനുഭവമായിരുന്നു. രോഗം വന്നവരും ഭയന്നുവിറയ്ക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിക്കൊണ്ടുള്ള വിമാനം പറത്തല്‍ മറക്കാനാവില്ല’- മഹാശ്വേത ചക്രബര്‍ത്തി പറയുന്നു. ഒരു അര്‍ധരാത്രിയിലാണ് മഹേശ്വേതയ്ക്ക് രക്ഷാദൗത്യത്തില്‍ വിമാനം പറത്താന്‍ ആവശ്യപ്പെട്ട് വിളി വരുന്നത്. ‘രണ്ട് മണിക്കൂറിനുള്ളില്‍ പാക്ക് ചെയ്ത് ഇറങ്ങി. ആദ്യം ഈസ്താംബൂളിലേക്ക് വിമാനം പറത്തി. പോളണ്ടില്‍ നിന്നും രണ്ടരമണിക്കൂര്‍ ദൂരത്തിലാണ് ഇത്. അവിടെ നിന്നും രക്ഷാദൗത്യത്തിലേക്ക്’- അവര്‍ പറഞ്ഞു.
എന്നാല്‍ താന്‍ ഹീറോയല്ലെന്ന് മഹാശ്വേത പറയുന്നു. ‘യഥാര്‍ത്ഥ ഹീറോകള്‍ വിദ്യാര്‍ത്ഥികളാണ്. വിശപ്പ്, ദാഹം, മരണഭീഷണി, മോശപ്പെട്ട കാലാവസ്ഥ, പഠനത്തിലെ അനിശ്ചിതാവസ്ഥ എന്നിവയോട് പൊരുതി യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍.’- വിനയത്തോടെ മഹാശ്വേത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: