ലഖ്‌നോ: വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവന്ന യോഗി ആദിത്യനാഥിന് മുലായംസിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണയാദവിന്റെ വക അഭിനന്ദനം. യോഗിയുടെ ഓഫീസിലെത്തിയ അപര്‍ണ്ണ യാദവ് യോഗിയുടെ നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് വിജയത്തില്‍ അഭിനന്ദനമറിയിച്ചത്. മകളൊടൊപ്പം എത്തിയ അപര്‍ണ്ണയും മകളും യോഗിയെ വിജയതിലകം അണിയിക്കുന്ന വീഡിയോ വൈറലാണ്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ജനവരി 19ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണ യാദവിന്റെ നീക്കം അഖിലേഷ് യാദവിന് വന്‍തിരിച്ചടിയായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായംസിങ്ങ് യാദവിന്റെ ഇളയമരുമകള്‍ ബിജെപിയിലെത്തിയത് യോഗിക്കും കരുത്തുപകരുന്ന നീക്കമായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ ബിജെപിയിലേക്കെത്തിയത് പാര്‍ട്ടിക്ക് വലിയ പ്രചോദനമായിരുന്നു.
അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. ബിജെപിയുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് അപര്‍ണ്ണ യാദവ് പറഞ്ഞു. ‘ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍…എല്ലാവരും ബിജെപിയെ പിന്തുണയ്‌ക്കുന്നവരാണ്. യുപിയെ ജാതിയുടെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് യോഗിയുടെ വിജയം. ഇതിനേക്കാള്‍ നല്ല ഒരു സര്‍ക്കാര്‍ വേറെ കിട്ടാനില്ല. മാര്‍ച്ച് 10ന് (വോട്ടെണ്ണല്‍ ദിവസം) ജയ്ശ്രീറാം വിളിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചത്’- അപര്‍ണ്ണ യാദവ് പറഞ്ഞു.
സഖ്യകക്ഷികളുടേതുള്‍പ്പെടെ ബിജെപി 273 സീറ്റുകള്‍ നേടിയാണ് യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. പ്രധാന എതിരാളിയായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 111 സീ്റ്റുകള്‍ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: