തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതോടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷാസേന (എസ്ഐഎസ്എഫ്) ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നു. സംസ്ഥാന ഇന്റലിജെന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എസ്ഐഎസ്എഫ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയമിക്കാന്‍ കാരണം. നിലവില്‍ പോലീസിന്റെ ദ്രുതകര്‍മ്മസേനക്കാണ് ക്ലിഫ്ഹൗസിന്റെ സുരക്ഷാ ചുമതലയുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങള്‍ കടന്നെത്തിയതോടെയാണ് ഈ നടപടി. കൂടാതെ ക്ലിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാര്‍ എത്തി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ അവനലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയായിരുന്നു. ഈ സമിതിയാണ് എസ്ഐഎസ്എഫിനെ സുരക്ഷ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇതിന്റെ ആദ്യ ഘട്ടമായി വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ എസ്ഐഎസ്എഫ് സുരക്ഷയ്ക്കായി എത്തും. എന്നാല്‍ എസ്ഐഎസ്എഫ് സുരക്ഷയ്ക്കായി ക്ലിഫ് ഹൗസിലെത്തിയാലും ദ്രുത കര്‍മ്മ സേന തുടരും. ഘട്ടം ഘട്ടമായി ദ്രുതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം കുറച്ച് എസ്ഐഎസ്എഫിന് ചുമതല കൈമാറാനാണ് നിലവിലെ തീരുമാനം. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടന്‍ കറുപ്പിലേക്ക് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: