Categories: Technology

റേഡിയോ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നോക്കുകുത്തി

Published by

മണികണ്ഠന്‍ കുറുപ്പത്ത്

തൃശൂര്‍: പ്രളയം പോലുള്ള ദുരന്ത സമയങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിശ്ചലമായ കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. ഇത്തരം സാഹചര്യത്തില്‍ റേഡിയോ വയര്‍ലെസ് കമ്യൂണിക്കേഷന്‍ മാത്രമാണ് ദുരന്തമുഖത്ത് അകപ്പെട്ടവരെ ഏകോപിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പോലീസ്, ഫോറസ്റ്റ് വിഭാഗങ്ങള്‍ മാത്രം വയര്‍ലെസ് ഉപയോഗിച്ച് ആശയവിനിമയം നടത്തിയപ്പോഴും കേരളമൊട്ടുക്ക് കളക്ട്രേറ്റുകളില്‍ ഉള്ള ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററുകളിലുള്ള റേഡിയോ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നോക്കുകുത്തിയായിരുന്നു. നാശോന്മുഖമായി കിടക്കുന്ന ഈ ഉപകരണങ്ങള്‍ കാലാനുസൃതമായി മാറ്റംവരുത്തി ഡിജിറ്റലിലേക്ക് മാറ്റുകയും, ദുരന്ത സമയങ്ങളില്‍ പോലീസ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളും ഒപ്പം ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും തമ്മില്‍ ഒരേ സമയം ആശയവിനിമയം നടത്തുന്ന ഏകീകൃത ഫ്രീക്വന്‍സി സര്‍ക്കാര്‍ അനുവദിച്ചു നല്‍കുകയും വേണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഹാം റേഡിയോ

വ്യക്തികള്‍ സര്‍ക്കാരിന്റെ അമച്വര്‍ ലൈസന്‍സോടെ ഉപയോഗിക്കുന്ന നിശ്ചിത ഫ്രീക്വന്‍സി ഉള്ള ഉപകരണം. റേഡിയോ വയര്‍ലെസ് സാങ്കേതിക വിദ്യ തന്നെയാണ് ഇതിലും. ഇതേ ഫ്രീക്വന്‍സിയിലുള്ള മറ്റു വ്യക്തികളുമായി മാത്രമേ ബന്ധപ്പെടാന്‍ സാധിക്കയുള്ളൂ. തൃശൂര്‍ ജില്ലയില്‍ മാത്രം 75 ലധികം പേര്‍ ഇത്തരത്തില്‍ ഹാം റേഡിയോ സംവിധാനം ഉപയോഗിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തിവരുന്നു.

റേഡിയോ വയര്‍ലെസ് കമ്യൂണിക്കേഷന്‍

പോലീസ്, റവന്യൂ, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഉപയോഗിച്ചുവരുന്ന സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആശയവിനിമയ രീതി. മറ്റു വാര്‍ത്താ വിനിമയ മാര്‍ഗം തകര്‍ന്നാലും ഈ സംവിധാനത്തിലൂടെ ദുരന്ത സമയത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനാകും. ബാറ്ററി, ആന്റിന, വയര്‍ലെസ് സിസ്റ്റം എന്നിവയടങ്ങിയതാണ് ഉപകരണം.

കേരളത്തില്‍ ആകെ പ്രവര്‍ത്തിക്കുന്നവ തൃശൂരില്‍ മാത്രം

2018 ലെ പ്രളയത്തില്‍ കേരളത്തിലെ എല്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററിലെ റേഡിയോ വയര്‍ലെസ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു. ദുരന്ത നിവാരണത്തില്‍ ആധുനിക ഉപകരണങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയും നിലവില്‍ തൃശൂര്‍ കളക്ട്രേറ്റിലെ ഡി.ഇ.ഒ.സി യിലെ ജീവനക്കാരന്‍ ചെങ്ങാലൂര്‍ സ്വദേശി കാച്ചപ്പിള്ളി ഷിബു ജോര്‍ജാണ് അന്നത്തെ കളക്ടര്‍ എ. ഷാനവാസിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുന്നത്. തുടര്‍ന്ന് തൃശൂരിലെ 7 താലൂക്കുകളിലും, കളക്ട്രേറ്റിലും, വിലങ്ങന്‍ കുന്നിലുള്ള റിപ്പീറ്ററടക്കം ഉപയോഗശൂന്യമായ നിലയില്‍ കിടന്നിരുന്ന വയര്‍ലെസ് സംവിധാനങ്ങള്‍ വെറും 70,000 രൂപ ചിലവിലാണ് നന്നാക്കിയെടുത്തത്. ഇതോടെ കേരളത്തില്‍ ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക വയര്‍ലെസ് സംവിധാനവും തൃശൂരിലേതായി.

ഷിബു ജോര്‍ജ് റേഡിയോ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിനരികെ

കാലാനുസൃതമായ സാങ്കേതിക വിദ്യയും ഏകോപനവും പ്രധാനം

പോലീസ് വയര്‍ലെസ് സെറ്റുകള്‍ ഡിജിറ്റലായി കഴിഞ്ഞു. ബാക്കി എല്ലാ വിഭാഗവും അനലോഗ് സിസ്റ്റത്തിലാണ് ഇപ്പോഴും. എല്ലാം ഡിജിറ്റലാക്കി പ്രവര്‍ത്തനസജ്ജമായിരിക്കണം. പോലീസ്, ഫയര്‍, ഫോറസ്റ്റ്, റവന്യൂ വകുപ്പ് എന്നിവര്‍ക്കൊപ്പം ഹാം റേഡിയോ ഓപ്പറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി അടിയന്തര ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും ഏകീകൃതമായി ഉപയോഗിക്കുന്ന ഫ്രീക്വന്‍സിയില്‍ അണിനിരത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഷിബു അഭിപ്രായപ്പെടുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന വലിയ മത്സ്യബന്ധന ബോട്ടുകളിലെ വിഎച്ച്എഫ് സംവിധാനത്തെയും അതത് ജില്ലാ ഭരണകൂടത്തിന് കീഴിലേക്ക് ബന്ധിപ്പിച്ചാല്‍ അവശ്യ സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള കാലതാമസം നേരിടാനും തീരസുരക്ഷക്കും വഴിയൊരുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: wireless