ക്ഷേത്രനഗരിയായ വാരാണസി കമ്മ്യൂണിസ്റ്റുകളുടെ കോട്ടയായിരുന്നു. ലോക്സഭയില്‍ കമ്മ്യൂണിസ്റ്റുകാരന് അയോധ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സുവര്‍ണ്ണക്ഷേത്ര നഗരിയായ അമൃത്സറില് നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്ക് ജയിച്ചത് കമ്മ്യൂണിസ്റ്റുകാരനാണ്. മണിപ്പൂരില്‍ ആകെയുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കമ്മ്യൂണിസ്റ്റ് വിജയം സാധ്യമായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒരു മണ്ഡലത്തില്‍ നിന്നു തന്നെ ഒമ്പതു തവണ വിജയിച്ച കമ്മ്യൂണിസ്റ്റ് നേതാവുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഉത്തരാഖണ്ഡുകാരനായിരുന്നു. ആദ്യ ലോക്സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി സിപിഐ ആയിരുന്നു..ഇതൊക്കെ ഇപ്പോള്‍ പറഞ്ഞാല്‍ എല്ലാവരും വിശ്വസിച്ചെന്നു വരില്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തുന്ന ഇടത് ബുദ്ധിജീവികളും ആസ്ഥാന വിദ്വാന്മാരും ബോധപൂര്‍വം ഇതൊക്കെ മറച്ചുവയ്ക്കുകയും ചെയ്യും. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനുണ്ടായ ദയനീയ പരാജയത്തില്‍ പരിഹാസം ചൊരിയുന്നതിനു മുന്‍പ് ആ സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം കൂടി അറിയുന്നത് നന്നായിരിക്കും.
ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ കിങ് മേക്കറായി വിശേഷിപ്പിക്കപ്പെട്ട സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ തട്ടകമായിരുന്ന പഞ്ചാബ് ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി കേന്ദ്രമായിരുന്നു. സുര്‍ജിത് മാത്രമല്ല പഞ്ചാബ് മണ്ണില്‍ പാദമുദ്ര പതിച്ച കമ്മ്യൂണിസ്റ്റ് നേതാവ്. അമൃത്സറില് നിന്ന് നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സത്യപാല്‍ ഡാങ്, രാംപുരഫൂല്‍ മണ്ഡലത്തില്‍ നിന്ന് നാലു തവണ ജയിച്ച ബാബു സിംഗ്, രണ്ടു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും ജയിച്ച ബാന്‍ സിംഗ് ബറുവ എന്നിവരൊക്കെ പഞ്ചാബില്‍ ജനകീയ അടിത്തറ തീര്‍ത്ത കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു.
1951ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പഞ്ചാബിന്റെ മണ്ണില്‍ സിപിഐ നാലു സീറ്റു നേടിയിരുന്നു. 1957ല്‍ ആറും 1962ല്‍ ഒന്‍പതും 1967ല്‍ അഞ്ചും സീറ്റുകള്‍ നേടി സിപിഐ സ്വാധീനം നിലനിര്‍ത്തി. 1967ല്‍ അമൃത്സറില് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഗ്യാനി ഗുര്‍മുഖ് സിംഗ് മുസാഫിറിനെയാണ് സിപിഐയുടെ സത്യപാല്‍ ഡാങ് തോല്‍പ്പിച്ചത്. കൂട്ടുമന്ത്രിസഭയില്‍ സത്യപാല്‍ ആഭ്യന്തര മന്ത്രിയുമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പഞ്ചാബില്‍ മികച്ച നേട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേടിയത്. സിപിഎം എട്ടും സിപിഐ ഏഴും സീറ്റുകള്‍ സ്വന്തമാക്കി. 1980ല്‍ സിപിഎം ഒന്‍പതും സിപിഐ അഞ്ചും സീറ്റുകള്‍ നേടി. ദല്‍ഹി സിഖ് വിരുദ്ധ കലാപത്തിനും ഓപ്പറേഷന് ബ്ലൂസ്റ്റാറിനും ശേഷം 1985ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് ഒരു സീറ്റുമാത്രം. 1992ല്‍, അകാലിദള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ ഇടതുപക്ഷം ഒരുപരിധി വരെ പുനരുജ്ജീവിപ്പിക്കുകയും അഞ്ച് സീറ്റുകള്‍ നേടുകയും ചെയ്തു (സിപിഐ നാല്, സിപിഎം ഒന്ന്).
രണ്ടര പതിറ്റാണ്ടിലേറെയായി പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ സിപിഐ 1999ല്‍ രണ്ടു ലോക്സഭാ സീറ്റും 2002ല്‍ രണ്ട് നിയമസഭാ സീറ്റും മുന്നണിയില്‍ നിന്നു നേടി. അതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ നടന്ന ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പേരിനു പോലും ഒരാളെ ജയിപ്പിക്കാന്‍ സിപിഎമ്മിന് പഞ്ചാബില്‍ സാധിച്ചിട്ടില്ല.
1980കളിലെ തീവ്രവാദ കാലഘട്ടത്തിലാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പതനം പഞ്ചാബില്‍ ആരംഭിച്ചത്. ഇടതുപക്ഷ നേതാക്കളുടെ നഴ്സറികളായി കരുതപ്പെടുന്ന കോളജുകളിലും സര്‍വ്വകലാശാലകളിലും ഉണ്ടായിരുന്ന പലരും കൊല്ലപ്പെടുകയോ ശാരീരികമായി ഉപദ്രവിക്കപ്പെടുകയോ ചെയ്തു. അത് ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടി നല്കി. പിന്നീട് കഴിവുള്ള യുവതലമുറയെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു.
ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശും നല്ല രീതിയില്‍ ചുവപ്പണിഞ്ഞിരുന്നു. 1951ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതല്‍ ഉത്തര്‍പ്രദേശില്‍ പോരാട്ടത്തിനിറങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയിക്കാനായില്ലെങ്കിലും, പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ജയം നേടി. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റും. റസ്ര ലോക്സഭാ സീറ്റും സ്വന്തമാക്കി.
1962ല്‍ റസ്ര മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ച പാര്‍ട്ടി, ഘോസിയിലും വിജയം നേടി രണ്ടു പേരെ ലോക്സഭയിലെത്തിച്ചു. നിയമസഭയില്‍ വാരാണസിയും കാണ്‍പൂരും അടക്കമുള്ള 14 സീറ്റില്‍ വിജയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം 1967ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സിപിഐ സ്വന്തമാക്കി. ഘോസി, അംരോഹ, ഗാസിപ്പുര്‍, ബണ്ട, മുസാഫര്‍പൂര്‍ എന്നീ അഞ്ച് ലോക്സഭ മണ്ഡലങ്ങളിലും നിയമസഭയിലേക്ക് 13 സീറ്റുകളിലും ജയിച്ചു. സിപിഎമ്മിനു ഒരു നിയമസഭാ അംഗത്തെകിട്ടി. 1967ല്‍ സിപിഎമ്മിന് യുപിയിലെ ആദ്യ ലോക്സഭാംഗത്തെ സംഭാവന ചെയ്തത് വാരാണസിയാണ്.ആ വര്‍ഷം വാരാണസി നിയമസഭാ മണ്ഡലത്തിലും സിപിഎം നേടി. റുസ്തം സ്റ്റെന്‍ എന്ന പാഴ്സിയാണ് വിജയിച്ചത്. വാരാണസി ലോകസഭാ മണ്ഡലത്തില്‍പ്പെട്ട ഒന്നിലധികം നിയമസഭ മണ്ഡലങ്ങളിലും സിപിഐ വിജയക്കൊടി പാറിച്ചു. കോസാല നിയമസഭ മണ്ഡലത്തില്‍ നിന്ന് 1962 മുതല്‍ 1993 വരെ നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
1974ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 16 സീറ്റിലും സിപിഎം രണ്ടിടത്തും വിജയിച്ചു. 1977ല്‍ ജനതാ തരംഗത്തിനിടയിലും നിയമസഭയിലേക്ക് സിപിഐ ഒന്‍പത് സീറ്റുകളില്‍ ജയിച്ചു. സിപിഎമ്മിന് ഒരിടത്ത് മാത്രമാണ് ജയിക്കാനായത്്. 1985ല്‍ സിപിഐ ആറിടത്തും സിപിഎം രണ്ടിടിത്തും ജയിച്ച് പ്രാതിനിധ്യം ഉറപ്പാക്കി. 1989 ല്‍ സിപിഐ എട്ടിടത്ത് ജയിച്ചു. സിപിഎം എട്ട് സീറ്റില്‍ മാത്രം മത്സരിച്ചു. ജയം രണ്ടിടത്തും. അതേസമയം, ആ വര്‍ഷം ലോക്സഭയിലേക്ക് കാണ്‍പൂരില്‍ നിന്ന് സിപിഎം നേതാവ് സുഭാഷിണി അലി വിജയിച്ചത് സിപിഎമ്മിന് നേട്ടമായി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിനു പുറമെ ബണ്ട് മണ്ഡലത്തിലും ജയിച്ച് സിപിഐയും തിളങ്ങി.
അയോധ്യ വിഷയം കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ രാമക്ഷേത്ര ഭൂമിയില്‍ മിത്ര സെന്‍ നേടിയ വിജയം കമ്മ്യൂണിസ്റ്റുകള്‍ ആഘോഷമാക്കി. നാലുതവണ യുപി നിയമസഭയില്‍ സിപിഐ പ്രതിനിധിയായിരുന്ന മിത്ര സെന്‍ നിസ്സാരക്കാരനായിരുന്നില്ല. പിന്നീട് രണ്ടു തവണ കൂടി മിത്ര സെന്‍ ഫൈസാബാദിനെ പ്രതിനിധീകരിച്ചു. സിപിഐയെ അല്ല പ്രതിനിധീകരിച്ചത് എന്നു മാത്രം. 1998 ല്‍ സമജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബിജെപിയുടെ വിനയ കത്യാരെ തോല്പിച്ചു. പേരിനൊപ്പം യാദവ് എന്ന പേരുകൂടി ചേര്‍ത്താണ് മത്സരിച്ചത്. പിന്നീട് 2004 ല്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചു ലോക്സഭയിലെത്തി. 2009ല്‍ വീണ്ടും എസ്പിയില് ചേര്‍ന്നു. നേതാക്കളുടെ കാലുമാറ്റത്തെ പരിഹസിക്കുന്ന സിപിഎമ്മുകാര്‍ക്കുള്ള ഒന്നാന്തരം ഉത്തരമാണ് മിത്ര സെന്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തിക്ഷയത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള തെരഞ്ഞെടുപ്പുകള്‍. 1991ല്‍ സിപിഐ നാലിടങ്ങളില്‍ ജയിച്ചെങ്കിലും 34 സീറ്റുകളില്‍ കെട്ടിവച്ച തുക നഷ്ടമായി. 14 ഇടങ്ങളില്‍ മത്സരിച്ച സിപിഎം ഒരിടത്ത് ജയിച്ചതൊഴിച്ചാല്‍ മറ്റൊരിടത്തും കെട്ടിവച്ച തുക പോലും കിട്ടിയില്ല.. 1993 ല്‍ പിന്നെയും ചോര്‍ച്ചയുണ്ടായി. സിപിഐ ജയിച്ചത് മൂന്നിടത്ത്. സിപിഎമ്മിന് ഒരിടത്ത് ജയം. 1996 ല്‍ സിപിഐ ഒരിടത്ത് മാത്രം ജയിച്ചപ്പോള്‍ സിപിഎം നാലിടത്ത് ജയം നേടി.
രണ്ടായിരാമാണ്ട് ആയപ്പോഴേക്കും തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യം യുപിയില്‍ നാമമാത്രമായി. 2002ല്‍ സിപിഐ ഒരിടത്തും ജയിച്ചില്ല. സിപിഎം രണ്ടിടത്ത് ജയിച്ചു. 2007ല്‍ സിപിഐ ക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. സിപിഎമ്മിന് മൂന്നിടത്ത് നിക്ഷേപ തുക മടക്കിക്കിട്ടിയത് ആശ്വാസമായി. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ സാന്നിധ്യം അറിയിക്കാന്‍ പോലും കഴിയാതെ, മത്സരിപ്പിക്കാന്‍ ആളെ കിട്ടാനില്ലാതെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ കുറ്റിയറ്റു.
മണിപ്പൂരില്‍ 1967ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനപ്രതിനിധിയുണ്ട്. 1974 ല്‍ ആറ് സിപിഐ എംഎല്‍എമാരാണ് മണിപ്പൂര്‍ നിയമസഭയിലെത്തിയത്. മണിപ്പൂരില്‍ ആകെ രണ്ടു ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഔട്ടര്‍ മണിപ്പൂരും ഇന്നര്‍ മണിപ്പൂരും. 1967ലും 1980 ലും ഇന്നര്‍ മണിപ്പൂരിനേയും 1998 ല്‍ ഔട്ടര്‍ മണിപ്പൂരിനേയും ലോകസഭയില്‍ പ്രതിനിധീകരിച്ചത് സിപിഐ ആണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പുരംചന്ദ് ജോഷി ഉത്തരാഖണ്ഡിന്റെ ഭാഗമായ അറോറ സ്വദേശിയായിരുന്നു. യുപിയില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ദുര്‍ബ്ബലമായപ്പോഴാണ് 2002ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത്. അതിനാല്‍ അവിടെ കാര്യമായ നേട്ടം കൊയ്യാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഗോവയിലും കമ്മ്യൂണിസം പച്ചതൊട്ടില്ല.
അരനൂറ്റാണ്ടോളം ശക്തമായി നിലകൊണ്ട സംസ്ഥാനങ്ങളില്‍ ജനകീയ അടിത്തറ നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍, ശേഷിക്കുന്ന ഏക തുരുത്തായ കേരളത്തില്‍ നിന്ന് നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയും ബിജെപിക്ക് ബദല്‍ എന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്നതിന്റെ ഉളിപ്പില്ലായ്്മ അപാരം. 1957 ല്‍ ഇ എം എസ്സ്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആയപ്പോള്‍ നെഹ്റുവിനു ശേഷം ഇ എം എസ്സ് ആയിരിക്കും പ്രധാന മന്ത്രി എന്നു പ്രചരിപ്പിച്ചിരുന്നവരുടെ പിന് മുറക്കാര് അതും അതിലപ്പുറവും പറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: