കൊച്ചി : പോക്സോ കേസില്‍ ഒളിവിലുള്ള നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിലിനായി തെരച്ചില്‍ കടുപ്പിച്ച് പോലീസ്. റോയ് വയലാട്ടിലും കൂട്ട് പ്രതിയായ ഷൈജു തങ്കച്ചന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതിയും തള്ളിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. റോയ് വയലാട്ടിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്ന് പോലീസ് തെരച്ചില്‍ നടത്തി.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയില്‍ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസെടുത്തത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇരുവരേയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നടപടി തുടങ്ങിയിരുന്നു. പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട ഹൈക്കോടതി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ചശേഷമാണ് ഹര്‍ജി തള്ളിയത്.
അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
അതേസമയം ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ തന്നെ പിന്തുടരുകയാണെന്നും ജീവന് അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാട്ടിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: