ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയം ബിജെപിക്ക് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതില്‍ മുന്‍തൂക്കം നല്‍കും.
മാര്‍ച്ച് 31ന് ഒഴിയുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് വരും. അതിന് പിന്നാലെ ജൂലായില്‍ ആണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. 776 പാര്‍ലമെന്‍റ് അംഗങ്ങളും 4,120 നിയമസഭാ അംഗങ്ങളും ചേര്‍ന്നുള്ള ഇലക്ടറല്‍ കോളെജ് ആണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുക. ആകെയുള്ള ഇലക്ടറല്‍ കോളെജ് 10,98,903 ആണ്. ഇതില്‍ പാതിയിലധികം ബിജെപിക്കുണ്ട്. അതിനാല്‍ ബിജെപി തീരുമാനിക്കുന്ന വ്യക്തിയെ രാഷ്‌ട്രപതിയാക്കാന്‍ സാധിക്കും.
ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ മാറുന്നതിനനുസരിച്ച് വോട്ടിന്റെ മൂല്യവും മാറും. ഉത്തര്‍പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടുതല്‍ മൂല്യം- 208.
ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 270 സീറ്റുകളില്‍ ഉത്തര്‍പ്രദേശില്‍ വിജയിച്ചതോടെ ബിജെപിയ്‌ക്ക് അടുത്ത രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍തൂക്കമുണ്ട്.
പരിഗണനയിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ച ശേഷം അവസാന തീരുമാനം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളും. ഇക്കാര്യത്തില്‍ സഖ്യകക്ഷികളുടെയും ബിജെപിയെ പിന്തുണയ്‌ക്കുന്ന മറ്റ് പാര്‍ട്ടികളുടെയും തീരുമാനങ്ങള്‍ കൂടി കണക്കിലെടുക്കും. നിതീഷ്‌കുമാറിന്റെ ജനതാദള്‍(യു), ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍(യു) എന്നിവരുടെ അഭിപ്രായം പരിഗണിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, തെലുങ്കാന രാഷ്‌ട്രസമിതി എന്നിവര്‍ ചേര്‍ന്ന് സംയുക്തസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്.ഇക്കാര്യത്തില്‍ ഈയിടെ നേരിട്ട നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് നേതൃത്വപരമായി പങ്ക് ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: