അഹമ്മദാബാദ്: രണ്ട് വര്‍ഷത്തിനിടയില്‍ കൊവിഡ് പ്രതിസന്ധിയിലും രാജ്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരായിട്ടുണ്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. കര്‍ണാവതിയില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020നെ അപേക്ഷിച്ച് 98.6 ശതമാനം പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. സാപ്താഹിക് മിലനുകളുടെ(പ്രതിവാര ശാഖകള്‍) എണ്ണത്തിലും വര്‍ധനവുണ്ട്. നിത്യം നടക്കുന്നവയില്‍ 61 ശതമാനവും വിദ്യാര്‍ഥി ശാഖകളാണ്. ശേഷിക്കുന്ന 39 ശതമാനം വ്യവസായി ശാഖകളും. രാജ്യത്തൊട്ടാകെയുള്ള 6506 ഖണ്ഡുകളില്‍ 84 ശതമാനത്തിലും ശാഖകളുണ്ട്. 59,000 മണ്ഡലങ്ങളില്‍, 41 ശതമാനം മണ്ഡലങ്ങളില്‍ നേരിട്ടുള്ള ശാഖാപ്രവര്‍ത്തനം നടക്കുന്നു. 2303 നഗരങ്ങളില്‍ 94 ശതമാനത്തിലും ശാഖാ പ്രവര്‍ത്തനം നടക്കുന്നു, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും ശാഖകളുണ്ടാകും. 2017 മുതല്‍ 2021 വരെ, ഓരോവര്‍ഷവും 20നും 35നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ യുവാക്കള്‍ ആര്‍എസ്എസ് വെബ്സൈറ്റില്‍ ‘ജോയിന്‍ ആര്‍എസ്എസ്’ വഴി രജിസ്റ്റര്‍ ചെയ്തു.
ഏപ്രില്‍ 15 മുതല്‍ ജൂലൈ പകുതി വരെ രാജ്യത്ത് 104 കേന്ദ്രങ്ങളില്‍ സംഘ ശിക്ഷാ വര്‍ഗുകള്‍ നടക്കും, ഓരോ വര്‍ഗിലും ശരാശരി 300 പേര്‍ പങ്കെടുക്കും. കൊവിഡ് കാലത്ത്, 5.50 ലക്ഷം പ്രവര്‍ത്തകര്‍ സേവനരംഗത്ത് സജീവമായി. ആശ്രമങ്ങളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായി ഇറങ്ങിയത് ഇത് ജാഗ്രതയുള്ള രാഷ്‌ട്രമാണെന്നതിന്റെ ലക്ഷണമാണെന്ന് മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി.
കുടുംബപ്രബോധനം, ഗോസേവ, ഗ്രാമവികാസം തുടങ്ങിയ മേഖലകളിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സജ്ജരായി കൂടുതല്‍ സമയം ചെലവഴിച്ച് എല്ലാ പ്രവര്‍ത്തകരും പ്രവര്‍ത്തനസജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പത്രസമ്മേളനത്തില്‍ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍, സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്രകുമാര്‍, അലോക്കുമാര്‍ എന്നിവരും പങ്കെടുത്തു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാപീഠം ശ്രീനിഷ്‌കളങ്ക നാരായണ സത്സംഗ ഹാളില്‍ പ്രതിനിധി സഭയ്‌ക്ക് തുടക്കമായത്. സഭയ്‌ക്ക് മുന്നോടിയായി വിശ്രുത ഗായിക ലത മങ്കേഷ്‌കര്‍, മുന്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ബാബാ സാഹിബ് പുരന്ദരെ, രാഹുല്‍ ബജാജ്, പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, പി. ശ്രീനിവാസ രാമാനുജാചാര്യ സ്വാമി തുടങ്ങിയ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് സ്വാമി വേദാനന്ദ സരസ്വതി, നടന്‍ നെടുമുടിവേണു, സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ചരിത്രകാരന്‍ എം. ഗംഗാധരന്‍, ഗാനരചയിതാവ് ബിച്ചു തിരുമല, കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങിയവരെയും പ്രതിനിധി സഭ അനുസ്മരിച്ചു. മൂന്ന് ദിവസത്തെ പ്രതിനിധി സഭ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: