തിരുവനന്തപുരം: കുട്ടനാട്ടില്‍ സ്ഥിരം തടയണ നിര്‍മ്മാണത്തിന് എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി അട്ടിമറിച്ച് ഉദ്യോഗസ്ഥലോബി. 492 ചെറുതും വലുതുമായ ഓരു മുട്ടുകള്‍ കുട്ടനാട്ടില്‍ ഇട്ടാല്‍ മാത്രമെ ആലപ്പുഴ ജില്ലയിലെ കൃഷി ജോലികള്‍ സുഗമമാക്കാനും ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് ലഭിക്കുകയുമുള്ളു. നിലവില്‍ വര്‍ഷം തോറും താത്ക്കാലിക തടയണകള്‍ നിര്‍മ്മിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്ഥിരമായ തടയണ വേണമെന്ന ജില്ലയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതിന് വേണ്ടി ബിജെപി എംപി സുരേഷ്ഗോപി 4,81,00,000 അനുവദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകൊണ്ട് ഇതുവരെ പദ്ധതി യാഥാര്‍ത്യമായില്ല. കൃഷി മന്ത്രി പി. പ്രസാദ് മുന്‍ മിസോറാം ഗവര്‍ണര്‍ക്ക് നല്കി പ്രകാശനം ചെയ്ത ഗോപന് ചെന്നിത്തല രചിച്ച അപ്പര്‍കുട്ടനാടിന്റെ പുനഃരുജ്ജീവനത്തിനായ് എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.
കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഓരു വെള്ളം കയറുന്നതിന് ഉദ്യോഗതലത്തില്‍ താത്പര്യകുറവാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കടലില്‍ നിന്ന് കായംകുളം കായലിലേക്ക് ഉപ്പുവെള്ളം കയറിയ ശേഷം കായലില്‍ നിന്നാണ് കൃഷി ഇടങ്ങളിലേക്ക് ഓരു വെള്ളം കയറുന്നത്. ഇവിടെ വര്‍ഷാ വര്‍ഷം താത്കാലിക മുട്ടിടാന്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇത്തരത്തിലുള്ള താത്കാലിക മുട്ടിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ള ലോബിയാണ് കരാര്‍ ലഭിക്കുന്നത്. അതു കൊണ്ടു തന്നെ സ്ഥിരം തടയണ വന്നാല്‍ വാര്‍ഷം തോറും ലഭിക്കുന്ന ലക്ഷങ്ങള്‍ നിലക്കുമെന്ന ഭയമാണ് പദ്ധതിയെ ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത്.
2016ലാണ് കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയില്‍ ഓര് വെള്ള ഭീഷണി വര്‍ദ്ധിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എംപിയോട് വിഷമം ബോധിപ്പിച്ച ജനങ്ങളെ സഹായിക്കാമെന്നും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും ഉറപ്പുനല്‍കി. തുടര്‍ന്ന് സ്ഥിരം തടയണ നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാനും ആവശ്യമായ തുക അനുവദിക്കാമെന്നും സുരേഷ് ഗോപി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്സിക്യൂട്ടിവ് എഞ്ചിനീയറോട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദേശം നല്കി. ഓരുവെള്ളം കയറുന്നതിന്റെ ഉത്ഭവസ്ഥലമായ തൃക്കുന്നപ്പുഴ പുളിക്കീഴില്‍ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഏഴ് ലക്ഷരൂപ സംസ്ഥാന സര്‍ക്കാര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് അനുവദിക്കുകയും ചെയ്തു. ആദ്യം പദ്ധതി നിര്‍വഹണത്തിന് രണ്ട് കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. തലസ്ഥാനത്തെ ഐഡിആര്‍ബി വിഭാഗം എസ്റ്റിമേറ്റും ഡ്രോയിങ്ങും വീണ്ടും അഴിച്ചുപണിതു. ഇതോടെ എസ്റ്റിമേറ്റ് മൂന്നു കോടിയായി ഉയര്‍ന്നു. 2019 ഫെബ്രുവരിയില്‍ 42 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സുരേഷ് ഗോപി എംപി പങ്കെടുത്ത യോഗത്തില്‍ ഇറിഗേഷന്‍ വിഭാഗം ഉഗ്യോഗസ്ഥന് 4,81,00,000 രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയത്. യോഗത്തില്‍ എംപി ഉള്‍പ്പടെ എല്ലാവരും തുക കേട്ട് അമ്പരന്നെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഉപാധിയില്‍ സുരേഷ് ഗോപി തുക അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പദ്ധതി വെളിച്ചം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: