ചവറ: വഴിയില്‍ നിന്നും വീണുകിട്ടിയ 45,000 രൂപ തിരികെ നല്കി മാതൃകയായി ചവറ മെയിന്‍ പോസ്റ്റ് ഓഫീസിലെ താല്കാലിക ജീവനക്കാരന് ശങ്കരന്‍കുട്ടി. ചവറ പഞ്ചായത്ത് മെമ്പറും, ശങ്കരമംഗലം കാമന്‍കുളങ്ങര സംരക്ഷണസമിതി വൈസ് പ്രസിഡന്റും, കേരള ക്ഷേത്രസംരക്ഷണസമിതി കരുനാഗപ്പള്ളി താലൂക്ക് സമിതി വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം.
ചെറുശ്ശേരിഭാഗം ശങ്കരവിലാസത്തില്‍ ഡി. ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ജോലിക്കിടയിലാണ് പണം കളഞ്ഞുകിട്ടിയത്. ശങ്കരമംഗലം-കോയിവിള റോഡില്‍ കാരാളി തൈക്കാവ് ജംഗ്ഷനില്‍ നിന്നാണ് പണം ലഭിച്ചത്. പോസ്റ്റോഫീസിലെത്തി ഉടന്‍തന്നെ പോസ്റ്റ് മാസ്റ്റര്‍ ഉണ്ണിക്കൃഷ്ണപിള്ള, സഹപ്രവര്ത്തകന് കിരണ്‍ എന്നിവരോടൊപ്പം പണവുമായി ചവറ പോലീസ് സ്റ്റേഷനിലെത്തി.
പണം നഷ്ടപ്പെട്ടയാള്‍ ഇതിനകം പോലീസില്‍ വിവരം നല്‍കിയിരുന്നു. ഉടന്‍തന്നെ പോലീസ് പണം നഷ്ടപ്പെട്ട തോട്ടിനുവടക്ക് കളീലില്‍ ഷെരീഫിനെ വിവരം അറിയിക്കുകയും അയാള്‍ സ്റ്റേഷനില്‍ എത്തുകയും ചെയ്തു. പല സ്ഥലങ്ങളിലും പോയ ശേഷം പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ പണം ഷെരീഫിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: