ചാത്തന്നൂര്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചാത്തന്നൂര്‍ ജങ്ഷന് വടക്ക് ഭാഗത്തെ ഓടകളിലൂടെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള മലിനജലം ഒഴുക്കുന്നു. ഓടകളില്‍ മലിനജലം കെട്ടിനിന്ന് രോഗഭീഷണി ഉയരുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് പരാതി.
ടൗണില്‍ വടക്ക് ഭാഗത്തെ ഹോട്ടലുകളില്‍നിന്നും മറ്റും ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യമടക്കമുള്ള മലിനജലമാണിത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം ഇതുവഴി ജനങ്ങള്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റുന്നില്ല. ആട്ടോറിക്ഷാ സ്റ്റാന്‍ഡുള്ളത് ഇവിടടെയാണ്, നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ദിവസവും സഞ്ചരിക്കുന്ന വഴിയുമാണ്. ഓടയ്ക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളും മാലിന്യം കെട്ടിനിന്നുള്ള രൂക്ഷഗന്ധത്തില്‍ ബുദ്ധിമുട്ടുകയാണ്.
ഓടയില്‍നിന്നുള്ള കൊതുകുകളുടെ കടിയേറ്റ് കുട്ടികളടക്കമുള്ളവര്‍ക്ക് ചൊറിച്ചില്‍, അലര്‍ജി എന്നീ രോഗങ്ങളും പിടിപെട്ടതായി നാട്ടുകാര്‍ പരാതി പറയുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, സമീപമുള്ള ഹോട്ടലുകളില്‍ പരിശോധന നടത്തി ഓടയിലേക്ക് തുറന്നുവച്ചിരിക്കുന്ന മാലിന്യപൈപ്പുകള്‍ ഉടനടി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: