തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന കേരളത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ എന്തൊക്കെ പദ്ധതികള്‍ ഉണ്ടാകുമെന്ന് ഉറ്റു നോക്കുകയാണ് ജനങ്ങള്‍. സംസ്ഥാനത്തെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കെ.എന്‍. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം.
സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്. 2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍ അധികം രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 26,000 കോടി രൂപയും. ചെലവ് 60,000 കോടിയിലധികവുമായി. ഇതൊന്നും മുന്‍കൂട്ടി കാണാതെയായിരുന്നു കൈയടി നേടിയെടുക്കാന്‍ വേണ്ടി 2021-22ലെ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൊവിഡില്‍ നിന്നും കേരളത്തെ രക്ഷിക്കാനെന്ന വ്യാജേന വെറും തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിന് ശേഷമാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം. പാക്കേജും ബജറ്റ് പ്രഖ്യാപനവുമൊക്കെ പുസ്തകത്തില്‍ മാത്രമായി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വികസനം മുതല്‍ ചെറുകിട വ്യാപാരങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.
ഇരുചക്ര വാഹനം ഉപയോഗിച്ച് ചെറുകിട വ്യാപാരങ്ങള്‍ നടത്തുന്നതിന് വേണ്ടി 200 കോടി വായ്പയും പലിശ സബ്സിഡി നല്കുന്നതിനു വേണ്ടി 15 കോടിയും ബജറ്റില്‍ അനുവദിച്ചെങ്കിലും ആര്‍ക്കും ഗുണം കിട്ടിയില്ല. കെഎസ്ആര്‍ടിസിയില്‍ 3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. സാംസ്കാരിക നായകന്മാരുടെ ജന്മഗൃഹങ്ങള്‍ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും അഷ്ടമുടിക്കായല്‍, തൃത്താല തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് ബയോ ഡൈവോഴ്സിറ്റി ടൂറിസം സര്‍ക്യൂട്ടുമൊക്കെ പ്രഖ്യാപനത്തില്‍ ഒതുങ്ങി.
ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടി പ്രഖ്യാപിച്ചു. ഒരു കെട്ടിടം വാടകയ്ക്ക് എടുത്തതല്ലാതെ ഒന്നും നടന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകള് കെഎസ്എഫ്ഇയുടെ ധനസഹായത്തോടെ വിതരണം ചെയ്യാനുള്ള പദ്ധതി തുടക്കത്തിലേ പാളി. തരിശ് ഭൂമി കൃഷിക്ക് പത്ത് കോടി അനുവദിച്ചെങ്കിലും പദ്ധതി തരിശായതല്ലാതെ ഒന്നും നടന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴായി. കോസ്റ്റല്‍ ഹൈവേക്കായി 6500 കോടി രൂപ കിഫ്ബിയില്‍ നിക്ഷേപിച്ചെന്ന് പറഞ്ഞെങ്കിലും നാലുവര്‍ഷമായി ഏറ്റെടുത്തതുപോലും പൂര്‍ത്തിയാക്കാനായില്ല. ജില്ലകളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: