ഇംഫാല്‍ : മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്ക്. കോണ്‍ഗ്രസ് ആവട്ടെ, മണിപ്പൂര്‍ പ്രോഗ്രസിവ് സെക്കുലര്‍ അലയന്‍സ് എന്ന പേരില്‍ സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ജെഡി(എസ്) എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ വര്‍ഷം അസമില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാര്‍ട്ടി മത്സരിച്ചത്.
2017 വരെ തുടര്‍ച്ചയായി മൂന്ന് തവണ മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയോട് പരാജയപ്പെട്ടത്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാര്‍ട്ടികളിലേക്കും കൂറുമാറി. അത് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക പ്രതിനിധികള്‍ ഇംഫാലിലെത്തിക്കഴിഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിജയപ്രതീക്ഷ വന്നതോടെ ബിജെപി അണികളും ആവേശത്തിലാണ്. നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ കണ്‍വീനര്‍ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ബിജെപിക്കു വേണ്ടി ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: