കൊച്ചി: കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ ബിജെപിയുടെ ആഹ്വാനം. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മെട്രോമാൻ ഇ.ശ്രീധരനാണ് കെ റെയില്‍ വിരുദ്ധ സമരസമിതി അധ്യക്ഷന്‍. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. -അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന കെ റെയിൽ പദ്ധതി പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 20,000ത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടും. പദ്ധതിക്കായി എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും ഇത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. – ശ്രീധരന്‍ പറഞ്ഞു.
മതിലിന് മുകളിൽ വയർ ഫെൻസിങ് ആവശ്യമാണ്. ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്ളൈ ഓവറുകൾ, സബ് വേകൾ ഇവയുടെ നിർമ്മാണ ചെലവും ഡിപിആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം വിമർശിച്ചു.
ജനക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവെ പദ്ധതിയാണ്. അത് നിർത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ. ശ്രീധരൻ ചോദിച്ചു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്‌ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ കാണിച്ചിട്ടില്ല.- ശ്രീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: