ബയേണ്‍: ആദ്യ പാതത്തില്‍ സമനില, രണ്ടാം പാതത്തില്‍ ഗോളടി മേളം. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് നടത്തിയത് വമ്പന്‍ തിരിച്ചുവരവ്. പ്രീക്വാര്‍ട്ടറില്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്. ആദ്യ പാതത്തില്‍ ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു ഇരു ടീമും.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഹാട്രിക് മികവിലാണ് ബയേണ്‍ വന്‍ വിജയത്തിലെത്തിയത്. ആദ്യ 23 മിനിറ്റിനിടെ ഹാട്രിക് തികച്ച താരം ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഹാട്രിക് നേടുന്ന താരവുമായി. 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും വലകുലുക്കി. 23-ാം മിനിറ്റിലായിരുന്നു ഹാട്രിക് തികച്ച ഗോള്‍. ആദ്യ പകുതി തീരും മുമ്പ് സെര്‍ജ് നാര്‍ബി ഗോള്‍ നേടിയതോടെ ബയേണ്‍ നാല് ഗോളുകള്‍ക്ക് മുന്നിലെത്തി. രണ്ടാം പകുതിയില്‍ തോമസ് മുള്ളര്‍ കത്തികയറുകയായിരുന്നു. 54, 83 മിനിറ്റുകളില്‍ ഗോള്‍ നേടി ലീഡുയര്‍ത്തി. ഇതിനിടെ മൗരിറ്റ്സ് കാര്ഗാര്ഡിലൂടെ റെഡ് ബുള്‍ ആശ്വാസ ഗോള്‍ നേടി. ലിറോയ് സെയ്ന് വല കുലുക്കിയതോടെ ബയേണിന്റെ വിജയം ആധികാരികമായി.
സ്വന്തം മൈതാനത്ത് മികച്ച കളിയാണ് ബയേണ്‍ പുറത്തെടുത്തത്. കളിയുടെ 70 ശതമാനവും ബയേണിന്റെ കയ്യിലായിരുന്നു. ഒമ്പത് തവണ ഗോള്‍ ശ്രമം നടത്തി. ആദ്യ പാതത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പ് രണ്ടാം പാതത്തില്‍ തുടരാനാകാതെ പോയതാണ് റെഡ്ബുള്ളിന് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: