കീവ്: റഷ്യ നടത്തുന്ന ആക്രമണത്തിനിടെ ഉക്രൈന് പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ അഭിനന്ദിച്ച് ഉക്രൈനിലെ പാര്‍ലമെന്റ് അംഗം സ്വാറ്റിസ്ലാവ് യുറാഷ്. ഉക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി സംസാരിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ സാഹചര്യത്തിലും റഷ്യയെ ഇന്ത്യ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഈ നൂറ്റാണ്ടിന്റെ വിധി നിര്‍ണ്ണയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും പ്രധാനമന്ത്രി മോദി ഞങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിന് നന്ദി. ഇന്ത്യ നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്’ – യുറാഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യയുമായി ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും എന്നാല്‍, ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു.’ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ തന്ത്രപരമായ സൗഹൃദവും പങ്കാളിത്തവുമുള്ള രാഷ്ട്രമാണ്. എന്നാല്‍ ഉക്രൈന് അധിനിവേശം മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷമായി പുതിന് ഭരണകൂടം നടത്തിവരുന്ന ദുഷ്പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ അത് പുനഃപരിശേധിക്കണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈനില്‍ സമാധാനം ഉടന്‍ മടങ്ങിവരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അത് റഷ്യയെ ആശ്രയിച്ചിരിക്കുന്നുവെന്നും എംപി മറുപടി നല്കി. റഷ്യ സമ്മര്‍ദ്ദം തുടരാന്‍ തീരുമാനിച്ചാല്‍, ഞങ്ങള്‍ പോരാട്ടം തുടരും. തങ്ങളുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ച മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനായി പോരാടുമെന്നും യുറാഷ് പറഞ്ഞു. നേടിയതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: