ന്യൂദല്‍ഹി: 2014-ല്‍ ആരംഭിച്ച നരേന്ദ്രമോദിയുടെ ഭരണവീര്യം കെടാശോഭയോടെ 2022 കഴിഞ്ഞും മുന്നോട്ട് പോവുകയാണ്. യുപി നിയമസഭയില്‍ ബിജെപിക്ക് വന്‍വിജയവും യോഗി ആദിത്യനാഥിന് തുടര്‍ഭരണവും എക്സിറ്റ് പോളുകള്‍ പ്രവചിച്ചതോടെ മോദി യുഗം ഇനിയും നീണ്ടുപോയേക്കുമെന്ന ദുസ്വപ്നം എതിരാളികളുടെ ഉറക്കം കെടുത്തുന്നു. 2024ലും മോദി വീണ്ടും അധികാരത്തില്‍ വന്നേക്കുമെന്ന ചര്‍ച്ചകള്‍ വീണ്ടും തലസ്ഥാനത്ത് ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.
ഇതിന്റെ പ്രത്യാഘാതം ദല്‍ഹി രാഷ്ട്രീയത്തിലെ പ്രതിപക്ഷക്കോട്ടകളില് പല രീതികളിലാണ് പ്രതിഫലിക്കുന്നത്. പലരുടെയും രാഷ്ട്രീയ വിരമിക്കലിന് മോദിപ്രഭയുടെ ഈ ദീപ്തശോഭ കാരണമാവുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ആചാര്യനായ എ.കെ. ആന്റണിയുടെ രാഷ്ട്രീയ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കവി സച്ചിദാനന്ദനും ഈയിടെ ദീര്‍ഘകാലമായുള്ള ദല്‍ഹി സാംസ്കാരികജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയിരുന്നു.
‘എന്റെ യാത്ര അവസാനിപ്പിക്കാന്‍ സമയമെത്തിയിരിക്കുന്നു’- വിരമിക്കല്‍ പ്രഖ്യാപിച്ച് എ.കെ. ആന്റണി പറഞ്ഞു. 2006 മുതല്‍ 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധ മന്ത്രിയായിരുന്നു എ.കെ. ആന്റണി. രാജ്യസഭാ കാലാവധി തീരുന്നതോടെ ഇനി പുനര്തെരഞ്ഞെടുപ്പിന് നില്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആന്റണി അറിയിച്ചുകഴിഞ്ഞു. ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീരുന്നതോടെ ആന്റണി കേരളത്തിലേക്ക് താമസം മാറും.
52 വര്‍ഷത്തെ രാഷ്ട്രീയത്തിന് അവസാനം
ഇതോടെ 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ആന്റണി അവസാനിപ്പിക്കുന്നത്. മൂന്ന് തവണ കേന്ദ്രമന്ത്രിയും കേരള മുഖ്യമന്ത്രിയും ആയിട്ടുണ്ട്. തനിക്ക് അവസരങ്ങള്‍ തന്നതിന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സോണിയാഗാന്ധിക്ക് നന്ദി പറഞ്ഞു.
മാത്രമല്ല, മോദിയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയവും വ്യാപകമായി നടപ്പാക്കപ്പെടുകയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ഇപ്പോഴിതാ പഞ്ചാബിലും കോണ്‍ഗ്രസ് ഭരണം അവസാനിക്കാന്‍ പോകുന്നുവെന്ന് എക്സിറ്റ് പോള്‍ പ്രവചിച്ചു കഴിഞ്ഞു. പൊതുവേ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഒട്ടും ശോഭനമല്ലാത്ത കാലം കൂടിയാണ് മോദി ഭരണത്തിന്റെ എട്ട് വര്‍ഷത്തെ ഭരണം.
70ല്‍ ആദ്യമായി എംഎല്‍എ
1970ലാണ് ആന്റണി ആദ്യമായി എംഎല്‍എ ആയി നിയമസഭയില്‍ എത്തിയത്. 37ാം വയസ്സില്‍, 1977ല്‍ കേരള മുഖ്യമന്ത്രിയായി. 10 വര്‍ഷം കെപിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ എംഎല്‍എ ആയി. അഞ്ച് തവണ രാജ്യസഭ എംപിയായിരുന്നു.
ഇന്ദിരയോടുള്ള വഴക്ക്
1978ലെ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്നാരോപിച്ച് 1978ല്‍ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞു. നേരത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കാനും ആന്റണി ഇന്ദിരാഗാന്ധിയെ ഉപദേശിച്ചിരുന്നു. പിന്നീട് ആന്റണി കോണ്‍ഗ്രസ് (എ) എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് വീണ്ടും കോണ്‍ഗ്രസ് എ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസില്‍ ലയിച്ചു.
പിന്നീട് ആന്റണി 1984ല്‍ എ ഐസിസി ജനറല്‍ സെക്രട്ടറിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: