തൃശ്ശൂര്‍: സിഎന്‍ജി ക്ഷാമത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വലയുന്നു. പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് ഓട്ടോക്കാര് സിഎന്‍ജിയിലേക്ക് മാറിയത്. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാല്‍ 35 കി.മീ. മാത്രം. ഡീസലിന് നിലവില്‍ നൂറില്‍ താഴെയാണ് വില. മൈലേജ് 40 കി.മീ. ഗ്യാസാണെങ്കില്‍ കിലോയ്ക്ക് 73 രൂപ നല്കിയാല് മതി. 45 കി.മീ. വരെ മൈലേജുണ്ട്. സുഖയാത്രയ്ക്ക് പിന്നെ എന്താ പ്രയാസമെന്നായിരുന്നു ഓട്ടോക്കാര്. ചുരുക്കത്തില്‍ ലാഭകരമായതിനാലാണ് നിരവധി പേര് പെട്രോള്‍ ഉപേക്ഷിച്ച് ഗ്യാസിലേക്ക് മാറിയത്.
പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന് പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. സിഎന്‍ജി നിറയ്ക്കാന്‍ അതിരാവിലെ പമ്പിലെത്തിയാല്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കണം. അതിനിടെ ക്യൂ നിന്ന പമ്പിലെ ഗ്യാസ് തീര്‍ന്നാല്‍ അടുത്തതിലേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും ഇപ്പോള്‍ ദുരിതകാലമാണെന്ന് സിഎന്‍ജിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
ജില്ലയില്‍ സിഎന്‍ജി ഇന്ധന ക്ഷാമം രൂക്ഷമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലെ പമ്പുകളില്‍ ആവശ്യത്തിന് സിഎന്‍ജി ഉണ്ടായിരുന്നില്ല. നിരവധി പേര് വാഹനങ്ങളുമായെത്തിയെങ്കിലും ഇന്ധനം ലഭിക്കാത്തതിനാല്‍ മടങ്ങി പോയി. തൃശ്ശൂര്‍ നഗരത്തില്‍ ശക്തന് സ്റ്റാന്റിനടുത്തുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി കിട്ടുന്നത്. ഇവിടെ രാത്രിയും പകലും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സിഎന്‍ജി എത്താത്തതാണ് ക്ഷാമം രൂക്ഷമാക്കിയതെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഒരു ലോറിയില്‍ 450 കിലോ സിഎന്‍ജിയാണ് കൊണ്ടുവരിക. നാല് ബസിന് നിറക്കുമ്പോഴേക്കും ഇന്ധനം കഴിയുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് മിക്ക ദിവസവും സിഎന്‍ജിയ്ക്കായി പമ്പില്‍ കാത്തുകിടക്കുന്നത്. ബസുകളും കാറുകളും അടിച്ചുപോയാല്‍ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.
കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടി തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിരവധി ഓട്ടോകള്‍ സിഎന്‍ജിയിലോടുന്നുണ്ട്. ദിനംപ്രതി നിരവധി പുതിയ സിഎന്‍ജി ഓട്ടോകളാണ് നിരത്തിലിറങ്ങുന്നത്. കാറുകളും ബസുകളും വേറെയും. സിഎന്‍ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് ഓട്ടോതൊഴിലാളികള്‍ പരാതിപ്പെടുന്നു. സിഎന്‍ജി ലഭിക്കാതായതോടെ പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: