ഇന്ന് ഭൂമിയോളം ക്ഷമിക്കാന്‍ ശേഷിയുണ്ടെന്ന് വാഴ്ത്തപ്പെടുന്നവളുടെ ദിനം. പക്ഷേ അവള് അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ തീക്ഷ്ണതയെ അങ്ങനെയൊക്കെ വിശേഷിപ്പിച്ച് ലഘൂകരിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ കാലങ്ങളായി നാം
ചെയ്യുന്നത്. ഒരു സൈനികന്റെ ഭാര്യയെന്ന നിലയില്‍ ഞാന്‍ അനുഭവിച്ച അഭിമാനത്തോളം തന്നെ വലുതായിരുന്നു മാനസിക സംഘര്‍ഷങ്ങളും. അന്നത്തെ അതേ മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. യുദ്ധം എന്ന് കേള്‍ക്കുമ്പോഴേ മനസ്സിലാകെ ഭീതിയാണ്. ലോകത്ത് ഒരിടത്തും യുദ്ധം ഉണ്ടാവരുതേ എന്നാണ് നിത്യവുമുള്ള പ്രാര്‍ത്ഥന. ഒരു യുദ്ധത്തില്‍ പ്രാണനെപ്പോലെ കരുതിയ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ഒരാള്‍ക്ക് അങ്ങനെയല്ലേ പ്രാര്‍ത്ഥിക്കാന്‍ സാധിക്കൂ. ഓരോ യുദ്ധത്തിലൂടെയും എത്രയോ കുടുംബങ്ങളാണ് അനാഥമാക്കപ്പെടുന്നത്. എത്രയധികം നിരപരാധികളുടെ ജീവനാണ് ഓരോ യുദ്ധവും കവര്‍ന്നെടുക്കുന്നത്. മാതാപിതാക്കള്‍ക്ക് മക്കളേയും ഭാര്യക്ക് ഭര്‍ത്താവിനേയും കുഞ്ഞുങ്ങള്‍ക്ക് അച്ഛനേയും, അങ്ങനെ എത്രപേര്‍ക്കാണ് അവരുടെ പ്രിയപ്പെട്ടവരെ യുദ്ധത്തിലൂടെ എന്നേക്കുമായി നഷ്ടപ്പെടുന്നത്.
ഒരു യുദ്ധത്തിന്റെ അനന്തരഫലം നേരിട്ടനുഭവിച്ച വ്യക്തിയാണ് ഞാന്‍. ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുമെല്ലാം പാഠപുസ്തകത്തില്‍ കൂടി പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഭീകരാവസ്ഥ അനുഭവിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലാണ്, ലാന്‍സ് നായിക് ആയിരുന്ന ഭര്‍ത്താവ് സന്തോഷ് കുമാറിന് വീരമൃത്യു സംഭവിക്കുന്നത്. യുദ്ധം ആരംഭിച്ചു എന്നറിഞ്ഞപ്പോഴൊന്നും അത് അത്രത്തോളം തീവ്രമായിത്തീരുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ ഭര്‍ത്താവും മക്കളുമൊത്ത് സന്തോഷത്തോടെ ജീവിക്കുക എന്നത് മാത്രമായിരുന്നു സ്വപ്നം.
സ്വന്തമായി ഒരു വീട് എന്ന ആഗ്രഹവും സഫലമാക്കി, ആ വീടിന്റെ വാര്‍ക്കയും കഴിഞ്ഞ് പോയതാണ് അദ്ദേഹം. അന്ന് ഞങ്ങളുടെ മകന് രണ്ട് വയസ്സുമാത്രം. കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. പത്രത്തിലൂടെയും ടെലിവിഷനിലൂടെയും യുദ്ധവാര്‍ത്തകള്‍ അറിയുമ്പോള്‍ എത്രയും വേഗം യുദ്ധം അവസാനിക്കണം എന്നു മാത്രമായിരുന്നു പ്രാര്‍ത്ഥന. അദ്ദേഹത്തിന്റെ കത്തുകള്‍ എനിക്ക് എപ്പോഴും ധൈര്യം പകര്‍ന്നു. പ്രതികൂല കാലാവസ്ഥയിലും അതികഠിനമായ മലനിരകളില്‍ ഓക്സിജന്‍ ലഭിക്കാന്‍ പോലും ബുദ്ധിമുട്ടിയ അവസ്ഥയിലും യുദ്ധമുഖത്തുനിന്ന് അദ്ദേഹം പോരാടി. അവസാനം എഴുതിയ കത്തിലും എന്നോട് പറയാനുണ്ടായിരുന്നത്, നീ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് എന്തുവന്നാലും സധൈര്യം നേരിടണം എന്നാണ്.
യുദ്ധം അവസാനിച്ച് അദ്ദേഹം തിരിച്ചുവരുന്നതിനായി കാത്തിരുന്ന എനിക്ക് 1999 ജൂലൈ 9 ന് പുലര്‍ച്ചെ കിട്ടിയ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജൂലൈ ആറിന് പാക് ഭീകരരുടെ ഷെല്ലാക്രമണത്തില്‍ അദ്ദേഹം വീരമൃത്യു പ്രാപിച്ചു. ജൂലൈ 10 ന് ഭൗതിക ശരീരം നാട്ടിലെത്തിക്കുകയും എല്ലാ ബഹുമതികളോടും കൂടി, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം സന്തോഷമുള്ള കുടുംബ ജീവിതം സ്വപ്നം കണ്ട എനിക്ക് അവസാനമായി ആ മുഖമൊന്ന് കാണാന്‍ സാധിച്ചില്ല. ഞങ്ങളുടെ കുഞ്ഞിന്, അവന്റെ അച്ഛനെ കണ്ട ഓര്‍മ്മപോലും ഇല്ല. ഭാരതത്തിന്റെ സ്വത്വത്തിലേക്ക് കടന്നാക്രമണം നടത്തി, നിരവധി സൈനികരുടെ ജീവനെടുത്ത യുദ്ധത്തിലൂടെ പാകിസ്ഥാന് എന്തുനേടി. ഞങ്ങളെപ്പോലെ നിരവധിയാളുകളുടെ ശാപവും കണ്ണീരും അല്ലാതെ.
ലോകം മറ്റൊരു ലോകയുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കകള്‍ക്കിടയാണ് ഈ വര്‍ഷത്തെ വനിതാദിനം വന്നിരിക്കുന്നത്. യുദ്ധത്തിന്റെ കെടുതികള്‍ ഒരു രാജ്യത്തിന് വരുത്തി വയ്ക്കുന്ന കഷ്ടനഷ്ടങ്ങളേക്കാള്‍ വലുതാണ് ആ രാജ്യങ്ങളിലെ അമ്മമാരുടെയും സഹോദരിമാരുടേയും ഭാര്യമാരുടേയും എല്ലാം വേദന. ആത്യന്തികമായി അനാഥരാക്കപ്പെടുന്നത് അവരാണ്. യുദ്ധത്തില്‍ ജയപരാജയം ആര്‍ക്കായാലും അവിടെ വീഴുന്ന കണ്ണുനീരിന് പകരമാവില്ല ഒരു നേട്ടവും. സമാധാനമാണ് ഏതൊരു രാജ്യവും അവിടുത്തെ പൗരന്മാര്ക്ക് ഉറപ്പാക്കേണ്ടത്. പക്ഷേ ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല് മറ്റൊരു രാജ്യം കടന്നാക്രമിക്കുമ്പോള്‍ ചെറുത്തുനില്‍ക്കേണ്ടത് അനിവാര്യമാണ്. കാര്‍ഗിലില്‍ സംഭവിച്ചതും ആ ചെറുത്തുനില്‍പ്പാണ്.
ഈ കഴിഞ്ഞ ജൂലൈ 26 ന് ഓപ്പറേഷന് വിജയ് ദിവസം എനിക്കും മകന് അര്ജ്ജുന് എസ്. കുമാറിനും കാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. മരണാനന്തരം അദ്ദേഹത്തിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്കി രാജ്യം ആദരിച്ചിരുന്നു.
എത്രയോ പട്ടാളക്കാരാണ് പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് നമ്മെ സംരക്ഷിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം. അവരെ എത്ര ബഹുമാനിച്ചാലും മതിവരില്ല. ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ ഭാര്യയാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അദ്ദേഹം പകര്‍ന്നു തന്ന ധൈര്യമാണ് ഇന്നും എന്നെ മുന്നോട്ടുനയിക്കുന്നത്. ഓരോ രാജ്യവും സുരക്ഷിതമാകുന്നത് ആ രാജ്യത്തെ സംരക്ഷിക്കുവാന്‍ ആത്മാര്‍പ്പണം ചെയ്തിരിക്കുന്ന ഓരോ സൈനികന്റേയും കുടുംബത്തിന്റെ, പ്രത്യേകിച്ചും സ്ത്രീകളുടെ ആത്മത്യാഗം കൊണ്ടുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: