ലഖ്നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിക്കുമെന്നും ഗോവയില്‍ തൂക്കുമന്ത്രിസഭ വരുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
തിങ്കളാഴ്ച അവസാനവട്ട വോട്ടെടുപ്പ് കഴിഞ്ഞ ഉടനെയാണ് ആറ് മണിയോടെ പി-മാര്‍ക് -റിപ്പബ്ലിക് ടിവി എക്സിറ്റ്പോള്‍ ഫലം പുറത്തുവിട്ടത്. ഇന്ത്യടുഡേ-എക്സിസ് മൈ ഇന്ത്യ, പിമാര്‍ക്-റിപ്പബ്ലിക് ടിവി, എന്‍ഡിടിവി, സിഎന്‍എന്‍ ന്യൂസ് 18, ടൈംസ്നൗ-വീറ്റോ തുടങ്ങി പ്രധാന എക്സിറ്റ് പോളുകള്‍ എല്ലാം പ്രവചിക്കുന്നത് കേവലഭൂരിപക്ഷം നേടിക്കൊണ്ടുള്ള യോഗി ആദിത്യനാഥിന്റെ തുടര്‍ഭരണമാണ്.403 അംഗ യുപി നിയമസഭയില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്നാണ് പൊതുവായ പ്രവചനം. ഇന്ത്യ ടൂഡേ മാത്രം യോഗി നേതൃത്വത്തിലുള്ള ബിജെപി 300ല്‍ പരം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. സമാജ് വാദിക്ക് ലഭിക്കുക 140 സീറ്റുകള്‍ മാത്രം. മായാവതിയുടെ ബിഎസ്പി ആകെ 17 സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലം പറയുന്നു. കോണ്‍ഗ്രസിന് വെറും നാല് സീറ്റുകള്‍.
മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രവചനം. 60 അംഗ നിയമസഭയില്‍ ബിജെപി 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടുമെന്ന് പി-മാര്‍ക്കും റിപ്പബ്ലിക് ടിവിയും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ ഫലം പറയുന്നു. മണിപ്പൂരിലെ നിലവിലുള്ള മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങ് തന്നെയാണ് ഇവിടുത്തെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.ബിജെപി സര്‍ക്കാര്‍ ഇവിടെ തുടര്‍ഭരണം നേടുമെന്ന് ഏതാണ്ടുറപ്പായി. തൊട്ടരികില്‍ നില്ക്കുന്ന കോണ്‍ഗ്രസിന് 11-17 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 6-10 വരെ സീറ്റുകള്‍ നേടി മൂന്നാമതെത്തുമ്പോള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) 2-6 സീറ്റുകള്‍ വരെ നേടി നാലാമതെത്തും.
ഉത്തരാഖണ്ഡില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് പി-മാര്‍ക്ക്, റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 39 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ഉത്തരാഖണ്ഡില്‍ 70 സീറ്റുകളാണ് ആകെയുള്ളത്. ഇവിടെ കോണ്‍ഗ്രസ് 28 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കാം. ആപ് ഇവിടെ അക്കൗണ്ട് തുറന്നേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മൂന്ന് സീറ്റുകള്‍ വരെ ആപ് നേടിയേക്കും. പുഷ്കര്‍ സിങ് ധമിയാണ് ബിജെപിയുടെ മുഖ്യമന്ത്രി. ഖത്തിമ നിയമസഭാ മണ്ഡലത്തില്‍ നിന്ാണ് ഇദ്ദേഹം മാറ്റുരച്ചത്.
ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് പിമാര്‍ക്-റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 13 മുതല്‍ 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടിയേക്കാമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. ഇവിടെ കോണ്‍ഗ്രസ് ജിഎഫ്പിയുമായി സഖ്യത്തിലാണ്. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 20ല്‍ മുകളില്‍ സീറ്റുനേടുന്നവര്ക്ക് അധികാരത്തിലെത്താം. ആംആദ്മി പാര്‍ട്ടി ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ ആം ആദ്മി നേടിയേക്കാമെന്നാണ് പ്രവചനം. തൃണമൂലും എംജിപിയും രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ നേടിയേക്കാം. എന്‍സിപിയ്ക്കും ശിവസേനയും സ്വതന്ത്രരും ചേര്‍ന്ന് നാല് സീറ്റുകള്‍ വരെ നേടിയേക്കാം.
കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണമേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ് ദയനീയപരാജയം നേരിടുമെന്നാണ് പുറത്തുവരുന്ന പ്രവചനം. ഇവിടെ പകരം ആംആദ്മി കേവല ഭൂരിപക്ഷം നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റി പകരം ഛന്നിയെ മുഖ്യമന്ത്രിയാക്കിയ പരീക്ഷണം പൂര്‍ണ്ണമായും പാളി എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ നവജോത് സിദ്ദുവിന് അമരീന്ദര്സിങ്ങിനേക്കാള് കൂടുതല്‍ സ്ഥാനം നല്കിയ തീരുമാനവും തെറ്റാണെന്ന് തെളിഞ്ഞു. രാഹുലും പ്രിയങ്കയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: