ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ഉക്രൈയ്ന് പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സ്കി എന്നിവരുമായി ഫോണില്‍ സംസാരിച്ചു.ഉക്രൈയ്നിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളുമായി ചര്‍ച്ച ചെയ്തു.
ഉക്രൈനിയന്‍, റഷ്യന്‍ സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ സ്ഥിതിയെക്കുറിച്ച് പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി മോദിയെ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും അത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടയാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെന്‍സ്കിയും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണം സമാധാന ശ്രമങ്ങളെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുമിയില്‍ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലുള്ള അഗാധമായ ആശങ്ക പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നത് സുഗമമാക്കുന്നതിനുള്ള മാനുഷിക ഇടനാഴികളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് പ്രസിഡന്റ് പുടിന് പ്രധാനമന്ത്രിയെ അറിയിച്ചു.
തുടരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ചും ഉക്രൈനും റഷ്യയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ചും പ്രസിഡന്റ് സെലെന്‍സ്കി പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. നിലവിലുള്ള സംഘട്ടനത്തെക്കുറിച്ചും അതിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. അക്രമം ഉടന്‍ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രശ്നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനും ഇരു കക്ഷികളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിനും ഇന്ത്യ എപ്പോഴും നിലകൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉക്രൈനിനില് ന്ന് 20000ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. യുക്രെയ്നിനില്‍ ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ അദ്ദേഹം അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഒഴിപ്പിക്കലിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: