തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി നിരത്തില്‍ ഇറങ്ങുന്നതിനാല്‍ കെഎസ്ഇബി 1212 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ. ബി. അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1150 ടൂവീലര്‍ ത്രീവീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളും 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുമാണ് സ്ഥാപിക്കുന്നത്.
11 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 51 എണ്ണം കൂടി പൂര്‍ത്തിയാക്കും. ഇപ്പോള്‍ത്തന്നെ പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങി കഴിഞ്ഞു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിക്കുകയാണെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
കെഎസ്ഇബിയുടെ എട്ട് ജലാശയങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് ജലാശയങ്ങളിലുമായി 100 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും യാഥാര്‍ത്ഥ്യമാക്കും. കാറ്റില്‍ നിന്ന് 100 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന പദ്ധതി കെഎസ്ഇബി വിഭാവനം ചെയ്തിട്ടുണ്ട്. 700 കോടി രൂപയുടെ നിക്ഷേപം ഈയിനത്തില്‍ ബോര്‍ഡ് പ്രതിക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിലവില്‍ 10 ശതമാനം ഹരിതോര്‍ജം ആണ് ലഭിക്കുന്നത്. ഇത് 20 ശതമാനം ആക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി. കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സ്വന്തമായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി നടപ്പിലാക്കുമെന്നും ഡോ. ബി. അശോക് പറഞ്ഞു.
65 വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കുന്നു
തിരുവനന്തപുരം: കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 65 വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. കെഎസ്ഇബി സ്ഥാപന ദിനമായ ഇന്ന് രാവിലെ 11ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വാഹനങ്ങള്‍ ഫഌഗ്ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: