ഹരിപ്പാട്: കായംകുളം താപനിലയത്തില്‍ സ്ഥാപിക്കുന്ന 22 മെഗാവാട്ടിന്റെ ഫ്ളോട്ടിങ് സോളര്‍ പദ്ധതി 10 മെഗാവാട്ട് വൈദ്യുതി നല്കുന്നതിനു സജ്ജമായി. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ 10 മെഗാവാട്ട് വൈദ്യുതി നല്‍കാനാവും. ബാക്കി 12 മെഗാവാട്ട് ഉല്പാദിപ്പിക്കുന്നതിനുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്.
മാസാവസാനത്തോടെ 22 മെഗാവാട്ട് വൈദ്യുതിയും നല്കുന്നതിനു സജ്ജമാകുമെന്ന് എന്‍ടിപിസി കായംകുളം താപനിലയം ജനറല്‍ മാനേജര്‍ എസ്.കെ.റാം, എച്ച്ആര്‍ വിഭാഗം എജിഎം: എം.ബാലസുന്ദരം, സോളര്‍ വിഭാഗത്തിന്റെ എജിഎം മാരുതി മാലക് എന്നിവര്‍ അറിയിച്ചു. ബിഎച്ച്ഇഎല്‍ ആണ് 22 മെഗാവാട്ടിന്റെ നിര്‍മാണ ജോലികള്‍ നടത്തി വരുന്നത്.
ഇവിടെ 70 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. ടാറ്റാ കമ്പനി നിര്‍മാണ ജോലികള്‍ നടത്തുന്ന ഈ പദ്ധതിക്കായി ആകെ വേണ്ടതിന്റെ 10 % സോളര്‍ പാനലുകള്‍ ചൈനയില്‍ നിന്ന് എത്തിക്കുകയും അവ പിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങുകയും ചെയ്തു. 2 പദ്ധതികളുടെയും മുഴുവന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് ജൂലൈയില്‍ ആകെ 92 മെഗാവാട്ട് ഉല്പാദിപ്പിക്കാനാവും. കായംകുളം താപനിലയത്തിലെ സോളര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി 25 വര്‍ഷം യൂണിറ്റിന് 3.16 രൂപ നിരക്കില്‍ വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് എന്‍ടിപിസിയുമായി നേരത്തെ കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: