ന്യൂദല്‍ഹി : റഷ്യ- ഉക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും. അല്‍പ്പസമയത്തികം സെലന്‍സ്‌കിയെ വിളിച്ച് സംസാരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും ഇന്ത്യക്കാരുടെ രക്ഷാദൗത്യവും സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കും.
സുമിയില്‍ ഇപ്പോഴും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ യുദ്ധമേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നതടക്കം ചര്‍ച്ചയാകും. സുമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്കാരെ അടക്കം അവിടെ നിന്നും ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗ പദ്ധതി സുഗമമാക്കാന്‍ ഇന്ത്യ ഉക്രൈന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സാധാരണക്കാരെയും വിദേശികളെയും ഒഴിപ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യ റഷ്യയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന റഷ്യ സ്വീകരിക്കുകയും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്‌ട്ര സഭ സമ്മേളനത്തില്‍ ഉള്‍പ്പെടെ ഉക്രൈന്‍ പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ഉക്രൈന്‍ സ്ഥാനപതിയും ഉക്രൈന്‍ വിദേശകാര്യ മന്ത്രിയും പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയെ വിളിക്കുന്നത്.
അതേസമയം ഉക്രൈയ്നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. നേരത്തെ രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ മൂന്നാംവട്ട ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. ഇത്തവണ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ചര്‍ച്ചയ്‌ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഉക്രൈന്‍ സെലന്‍സ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ നടന്ന രണ്ട് ചര്‍ച്ചകളിലും പ്രതിനിധികളാണ് പങ്കെടുത്തത്.
നിലവില്‍ യുക്രെയ്നിലെ റഷ്യന്‍ ആക്രമണം 12ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തു നിന്നും റഷ്യന്‍ സൈന്യം പൂര്‍ണ്ണമായി പിന്മാറണമെന്ന ആവശ്യമാണ് ഉക്രൈയ്ന്‍ മൂന്നാം തവണയും ഉന്നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: