ദീനദയാല്‍ ഉപാധ്യായയുടെ (1968ല്‍) മരണം സൃഷ്ടിച്ച ആശങ്കകളില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സുരക്ഷയ്ക്കായി ഒപ്പം കൂടിയതാണ് ശിവകുമാര്‍ പരീഖ്. ഒടുവില്‍ ആറുപതിറ്റാണ്ട് ചുമതല നിര്‍വഹിച്ച് 2018ല്‍ അടല്‍ജി യാത്രയായപ്പോള്‍ മാത്രമാണ് ശിവകുമാര്‍ജി വിശ്രമജീവിതം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് മുതല്‍ പ്രധാനമന്ത്രി വരെയായ വാജ്പേയിയെ അടുത്തു നിന്നുകണ്ടു. ലോകപ്രസിദ്ധ വാഗ്മിയായ അടല്‍ജിയെയും ഒടുവില്‍ മറവിയുടെ ആഴക്കയങ്ങളിലേക്ക് പോയ അടല്‍ജിയെയും ഒരേപോലെ ഒരേ കരുതലോടെ പരിചരിച്ചു. ആര്‍എസ്എസ് ഏല്‍പ്പിച്ച ദൗത്യമായിരുന്നു അടല്‍ജിക്കൊപ്പമുള്ള ജീവിതമെന്ന് ശിവകുമാര്‍ജി പറയുമായിരുന്നു.
അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന് മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. അടല്‍ജിക്കുറിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ ശിവകുമാറിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരുന്നു. അതു തയാറാക്കാന്‍ ശിവകുമാറുമായി സംസാരിച്ചതും അടല്‍ജിയുടെ വീട്ടില്‍വെച്ചു തന്നെ. അന്ന് രോഗബാധിതനായി വിശ്രമിക്കുകയായിരുന്ന അടല്‍ജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പാദങ്ങളില്‍ തൊട്ടുവണങ്ങാനുള്ള അവസരം ശിവകുമാര്‍ ഒരുക്കിയതോര്ക്കുന്നു.
ഡിഫന്‍സ് കോളനിയിലെ വീട്ടിലേക്ക് വിളിച്ച് ആല്‍ബത്തില്‍ നിന്ന് അടല്‍ജിക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുമതി നല്കി. അവയില്‍ പലതും ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പിലും ഇടം പിടിച്ചു. പതിറ്റാണ്ടുകള്‍ അടുത്തുനിന്നു കണ്ട അടല്ജിയെന്ന വ്യക്തിത്വത്തെ ശിവകുമാര്‍ ആരാധനയോടെയും ബഹുമാനത്തോടെയുമാണ് വിശദീകരിച്ചത്. ആറുപതിറ്റാണ്ട് വാജ്പേയിയുടെ വിശ്വസ്തനായി തുടര്‍ന്നത് എങ്ങിനെയെന്ന് ഓരോ വാക്കുകളും ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: