കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരണങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലന്‍സിന് നല്കിയ പരാതിയില്‍ തുടരന്വേഷണമില്ല. വ്യാജ ഉപകരണങ്ങളടക്കം വാങ്ങി വെട്ടിപ്പ് നടത്തിയെന്ന് തെളിവുകള്‍ സഹിതം വിജിലന്‍സിന് പരാതി നല്‍കിയത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
2019ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കായി വിവിധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന പരാതി കോഴിക്കോട് വിജലന്‍സിന് ലഭിക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വൈറോളജി ലാബിലെത്തി പരിശോധന നടത്തി. ക്രമക്കേട് നടന്നതായി അവര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍നടപടിയെടുക്കാന്‍ അനുമതിക്കായി ഫയല്‍ തിരുവനന്തപുരത്തേക്കയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍. 2017ല്‍, 6.92 ലക്ഷം രൂപ മുടക്കി ലാബിലേക്ക് വാങ്ങിയ നാല് തരം ടെസ്റ്റിങ് കിറ്റുകളെ പറ്റിയായിരുന്നു ആദ്യത്തെ പരാതി.
ആര്‍എഎസ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് കിറ്റുകള്‍ വാങ്ങി എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ വിതരണം ചെയ്തതില്‍ മൂന്ന് തരം കിറ്റുകളും തങ്ങള്‍ നിര്‍മ്മിച്ചതോ വിതരണം ചെയ്തതോ അല്ലെന്ന് കമ്പനി അധികൃതര്‍ പിന്നീട് അറിയിച്ചു. ഈ കിറ്റുകള്‍ ഏത് കമ്പനിയുടേതാണെന്ന് ഇപ്പോഴും വ്യക്തമല്ല. ലാബിലേക്ക് വാങ്ങിയ ഡീപ് ഫ്രീസറുകളെ പറ്റിയായിരുന്നു മറ്റൊരു പരാതി. ഇറ്റാലിയന്‍ നിര്‍മ്മിത ഡീപ് ഫ്രീസര്‍ എന്ന പേരില്‍ ഇന്ത്യന്‍ കമ്പനിയുടെ ഉപയോഗിച്ച ഫ്രീസര്‍ കൊണ്ടുവന്ന് ലാബില്‍ ഫിറ്റ് ചെയ്തെന്നാണ് സംശയം. 2018ലും 2019ലും നടന്ന അക്കൗണ്ടന്റ് ജനറലിന്റെ പരിശോധന റിപ്പോര്‍ട്ടിലും വ്യാജ ഫ്രീസര്‍ വാങ്ങിയതിലെ ക്രമക്കേടിനെ പറ്റി പറയുന്നുണ്ട്. ആശുപത്രി ആവശ്യപ്പെട്ട ഫ്രീസറല്ല കമ്പനി വിതരണം ചെയ്തതെന്നും ഏഴ് ലക്ഷം രൂപ മാത്രം വിലവരുന്ന ഫ്രീസറുകളാണ് 14 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
തുടര്‍ന്ന് ഇതുവരെ ഫ്രീസറുകളുടെ വിലയായ 14 ലക്ഷം രൂപ കമ്പനിക്ക് നല്‍കിയിട്ടില്ല. ലാബിലേക്കായി വാങ്ങിയ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കണ്‍ഫോക്കല്‍ മൈക്രോസ്കോപ്പിന്റെ വിലയുടെ ആറ് ശതമാനം മുതല്‍ 26 ശതമാനം വരെ നേരത്തെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കമ്മീഷനായി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: