തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം. അരക്ഷിതാവസ്ഥയ്‌ക്കെതിരായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹം ഉയര്‍ത്തെഴുന്നേറ്റ് ശരിയായ ബോധവല്‍ക്കരണവും ഇടപെടലുകളും നടത്തേണ്ടിയിരിക്കുന്നതായി ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ ദുരവസ്ഥയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ പ്രതിനിധിസഭ ഈ കാര്യത്തില്‍ ദേശീയ സംഘടനകളും സമാന സാംസ്‌കാരിക നവേത്ഥാന പ്രസ്ഥാനങ്ങളും ശരിയായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
കേരളം ഗുണ്ടാ സംഘങ്ങളുടേയും കൊടും കുറ്റവാളികളുടേയും സൈ്വരവിഹാരത്തിനുള്ള ഇടമായി മാറിയിരിക്കുന്നുവെന്നുള്ളത് ആശങ്കാജനകമാണ്.കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം നഗരത്തിന്‍ ഒരു പൂച്ചെടി ശാലയിലെ ജീവനക്കാരിയും ഒരു ഹോട്ടല്‍ജീവനക്കാരനും ദാരുണമായി വധിക്കപ്പെട്ടത് പട്ടാപകല്‍ പോലീസിന്റെ സജീവ സാന്നിധ്യമുള്ളപ്പോഴാണ്. അതും തലസ്ഥാന നഗരിയില്‍. അതിനും കുറച്ചുനാള്‍ മുന്‍പാണ് അക്രമികള്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തി കാല്‍വെട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്. ബലാല്‍സംഗങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ സംഭവങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവാണ്. മദ്യവില്‍പ്പന സര്‍ക്കാര്‍ ആഭിമുഖ്യത്തിലാണെങ്കില്‍ മയക്കുമരുന്ന് വില്‍പ്പന അന്തര്‍ ദേശീയ കുറ്റവാളി സംഘടനകളുടെ നിയന്ത്രണത്തിലാണ്.കുറ്റകൃത്യങ്ങളുടെ പ്രധാന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. വിവാഹങ്ങളിലും, ആഘോഷങ്ങളിലും വരെ കടന്നുകയറി ബോംബുപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുകൊലപ്പെടുത്തുന്നത് കാണിക്കുന്നത് , കേരളീയ സമൂഹത്തിലെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥയെ അണ്. ലഹരി മരുന്ന് – മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച് കുടുംബത്തെ അന്യാധീനമാക്കി സമ്പത്തും മറ്റും കയ്യടക്കി അവര്‍ സമാന്തര ഭരണം നടത്തുന്നു.
അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളും ഭീകരവാദികളും ചേര്‍ന്ന് നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒത്താശ നല്‍കുന്നുവെന്ന ആരോപണമുണ്ട്. കഴിഞ്ഞ 2 മാസത്തിനിടയില്‍തന്നെ നാലിലധികം കുടുംബങ്ങള്‍ അത്മഹത്യ ചെയ്തു.ഒട്ടേറെ പെണ്‍കുട്ടികള്‍ ഈ കെണിയില്‍ വീണ് മനോരോഗികളായതിന്റെയും മയക്കുമരുന്ന് വാഹകരായതിന്റെയും അനേകം ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തില്‍ കാണാം. കഴിഞ്ഞവര്‍ഷം മാത്രം 5.8 ടണ്‍ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. പിടിക്കപ്പെടാത്തത് എത്രയാണെന്ന് ഊഹിക്കാമല്ലൊ.
നവകേരളം സ്വപ്നം കാണുന്നവര്‍ കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയില്‍ എത്രമാത്രം ഉത്കണ്ഠാകുലരാണെന്ന് വെളിപ്പെടുത്തണം.ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തില്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: