പോളണ്ട്: ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപറേഷന് ഗംഗയില്‍ പോളണ്ടില്‍ ഏകോപനം നടത്തുന്നത് മലയാളി വനിത. കാസര്‍ഗോഡ് സ്വദേശി നഗ്മ എം മല്ലിക്ക്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യ മുസ്ലീം വനിത. പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതും പോളണ്ടു വഴിയാണ്.
കാസര്‍കോടു സ്വദേശികളായ ദമ്പതികളുടെ മകളായി ദല്‍ഹിയില്‍ ജനിച്ച നഗ്മ പഠിച്ചതും വളര്‍ന്നതും അവിടെയാണ്. സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ഇംഗഌഷ് സാഹിത്യത്തില്‍ ബിരുദവും ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ നഗ്മ 1991 ല്‍ നയതന്ത്രജ്ഞയായി ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ ആദ്യത്തെ മുസ്ലീം വനിതയായിരുന്നു .
യുനെസ്കോയിലെ ഇന്ത്യന്‍ മിഷനില്‍ സേവനമനുഷ്ഠിച്ച് പാരീസിലായിരുന്നു ആദ്യ പോസ്റ്റിംഗ്. അതിനുശേഷം ന്യൂഡല്‍ഹിയില്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ ഡെസ്കില്‍ ഉള്‍പ്പെടെ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ പദവികളില്‍ . ഗുജ്റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് ഓഫീസറായി . തുടര്‍ന്ന് പ്രോട്ടോക്കോള്‍ (സെറിമോണിയല്‍) ആദ്യ വനിതാ ഡെപ്യൂട്ടി ചീഫ് ആയി. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ച നഗ്മ ഇന്ത്യ-നേപ്പാള്‍ വ്യാപാര ഉടമ്പടി പുനഃപരിശോധിക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പ്രസ് ആന്‍ഡ് കള്‍ച്ചര്‍ വിംഗിന്റെ തലവനായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായിരുന്നു. ബാങ്കോക്കിലേക്ക് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി മാറുന്നതിന് മുമ്പ് അവര്‍ യുറേഷ്യ ഡിവിഷനില്‍ ഡയറക്ടറും പിന്നീട് ജോയിന്റ് സെക്രട്ടറിയുമായി.
2012ല്‍ അവര്‍ ടുണീഷ്യയിലെ അംബാസഡറായി നിയമിക്കപ്പെട്ടു. 2015 ജൂണ്‍ 29ന് ബ്രൂണെ ദാറുസ്സലാമിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി. 2019 മുതല്‍ പോളണ്ടില്‍.
സുപ്രീം കോടതിയിലെ അഭിഭാഷകനായ ഫരീദ് ഇനം മല്ലിക് ആണ് ഭര്‍ത്താവ്. അഫ്താബ് ഏകമകന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫ്രഞ്ച് എന്നിവ സംസാരിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവും ഇംഗ്ലീഷ് സാഹിത്യവും ഇഷ്ടപ്പെടുന്ന നഗ്മ, ടിവി സ്റ്റേജ് നടിയുമായിരുന്നു.ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ സോപ്പ് ഓപ്പറയായ ഹം ലോഗില്‍ അഭിനയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവര്‍ത്തന ദൗത്യത്തില്‍ സംതൃപ്തിയെന്ന് നഗ്മ മല്ലിക്ക് പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങള്‍ ഇതുവരെ പോളണ്ടില്‍ നിന്ന് സര്‍വീസ് നടത്തി. ഇതിനെല്ലാം കേന്ദ്ര സര്‍ക്കാരാണ് ചുക്കാന്‍ പിടിച്ചത്.വ്യോ സേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും. കര്‍ഖീവില്‍ നിന്ന് രക്ഷപ്പെട്ട കൂടുതല്‍ പേര് ലിവീവിലെത്തിയിട്ടുണ്ടെന്നും നഗ്മ മല്ലിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: