2022 ഫെബ്രുവരി ഇരുപത്. ചെസ്സിന്റെ ലോകചരിത്രത്തില്‍ പുതിയൊരു ചരിത്രം കുറിച്ച ദിനം. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഒരു ചെന്നൈക്കാരന്‍ പയ്യനാണ് ഇങ്ങനെയൊരു അധ്യായം എഴുതിച്ചേര്‍ത്തത്. അഞ്ചുതവണ ആഗോള ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാള്‍സണെ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ വെറും മുപ്പത്തൊന്‍പത് നീക്കങ്ങളില്‍ കൗമാരം പിന്നിട്ട ഈ വിദ്യാര്‍ത്ഥി അട്ടിമറിക്കുകയായിരുന്നു. ലോക ചെസ്സിലേക്ക് അങ്ങനെ ഒരു പുതിയ ഇന്ത്യന്‍ താരോദയമുണ്ടായി. ചെസ്സിലെ ആ പതിനാറുകാരനായ പുതിയ രാജകുമാരനാണ് പ്രജ്ഞാനന്ദ രമേശ് ബാബു.
ഇന്ത്യന്‍ കായികലോകത്തിന് വര്‍ണ്ണാഭമായ അതിശയത്തിന്റെ നിമിഷങ്ങളായിരുന്നു അത്. ഒരൊറ്റ നിമിഷംകൊണ്ട് ഇന്ത്യന്‍ സൈബര്‍ലോകം എണ്ണതേച്ചു ചീകിയൊതുക്കിയ മുടിയും ശൈവഭസ്മക്കുറിയുമിട്ട ഒരു പതിനാറുകാരനെ ഇന്റര്‍നെറ്റില്‍ തെരഞ്ഞു. എല്ലാവരുടെയും മനസ്സ് പറഞ്ഞത് ഒരൊറ്റ കാര്യം; മറ്റൊരു വിശ്വനാഥന്‍ ആനന്ദ് ജനിച്ചിരിക്കുന്നു!
പോളിയോബാധിതനായ വ്യക്തിയാണ് ഈ പ്രതിഭയുടെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ പലരും വിശ്വസിച്ചേക്കില്ല. ചെന്നൈ സ്വദേശിയായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടേയും മകനാണ് പ്രഗ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രജ്ഞാനന്ദ. സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ രമേശ് ബാബു ഏറെ ചെറുപ്പത്തിലേ പോളിയോ ബാധിതനായിരുന്നു.
പ്രജ്ഞാനന്ദ ഒരുപക്ഷേ, ഏറെ അറിയപ്പെട്ടത് ഇപ്പോഴായിരിക്കാം. എന്നാല്‍, ചെസ്സ് ലോകത്തേക്ക് അവന്‍ പെട്ടെന്ന് കടന്നുവന്നതല്ല. പ്രജ്ഞാനന്ദയുടെ ചേച്ചി വൈശാലി രമേശ് ബാബു ആണ് അവരുടെ വീട്ടിലെ ആദ്യത്തെ ചെസ്സ് താരം. പ്രജ്ഞാനന്ദ ചെസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണെങ്കില്‍ വുമണ്‍ ഗ്രാന്‍ഡ് മാസ്റ്ററാണ് വൈശാലി. ഈ ചേച്ചിയാണ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ ആദ്യഗുരു. പ്രജ്ഞയ്‌ക്ക് മൂന്നരവയസ്സുള്ളപ്പോഴാണ് ചേച്ചി ചെസ്സ് കളിക്കുന്നതുകണ്ടിട്ട് അവനും ചെസ്സില്‍ ആകൃഷ്ടനാകുന്നത്. അതോടെ ചെസ്സ് പരിശീലകനായ ആര്‍. ബി. രമേശിനു കീഴില്‍ കുഞ്ഞു പ്രജ്ഞാനന്ദ പരിശീലനം ആരംഭിച്ചു. ‘വിരല്‍ മുറിച്ചു വാങ്ങേണ്ട ഇനം’ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ശരിക്കും ‘പ്രജ്ഞ’യുടെ അസാദ്ധ്യമായ തിളക്കം. സ്ഥിതപ്രജ്ഞന്റെ മനക്കരുത്ത്. പ്രജ്ഞാനന്ദ പലപ്പോഴും പരിശീലകനെത്തന്നെ തോല്‍പ്പിച്ചു.
ആ വിജയത്തേരോട്ടം പിന്നെ അവസാനിച്ചില്ല. മൂന്നര വയസ്സില്‍ തുടങ്ങിയ ചെസ്സ് താത്പര്യം ഏഴുവയസ്സായപ്പോഴേക്കും അവനെ ആദ്യത്തെ കിരീടമണിയിച്ചു. പ്രജ്ഞാനന്ദയ്‌ക്ക് ഏഴാം വയസ്സില്‍ ലോകചെസ്സ് കിരീടം. 2013-ല്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പ്രജ്ഞാനന്ദ വിജയം നേടി. 2015-ലും പ്രജ്ഞാനന്ദ ലോക ചെസ് കിരീടം നേടിയിരുന്നു. ലോക ചെസ്സ് കിരീടം നേടിയ അതേവര്‍ഷമായ 2015-ലാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്. അപ്പോള്‍ പ്രഗയ്‌ക്ക് പ്രായം 12 വയസ്സും 10 മാസവും 19 ദിവസവും മാത്രം. ചെസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം പ്രജ്ഞാനന്ദയാണ്. ഇതൊരു അത്യപൂര്‍വ്വ റെക്കോഡാണ്.
2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലും പ്രജ്ഞാനന്ദ കിരീടം നേടിയിരുന്നു. കളിക്കാര്‍ക്ക് ഓരോ നീക്കത്തെപ്പറ്റിയും തീരുമാനങ്ങളെടുക്കാന്‍ അധികം സമയം അനുവദിക്കാത്ത റാപ്പിഡ് ചെസ്സിലെ പുലിയാണ് പ്രജ്ഞാനന്ദ. ചെസ്സില്‍ മൂന്നുതവണ ലോകജേതാവായ മാഗ്‌നസ് കാള്‍സണെ പ്രജ്ഞാനന്ദ തോല്‍പ്പിച്ചതും റാപ്പിഡ് ചെസ്സിലാണ്. 2018-ല്‍ ഗ്രീസില്‍ വെച്ച് നടന്ന ഹെറാക്ലിയോണ്‍ ഫിഷര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ഈ മിടുക്കന്‍ വിജയിച്ചിരുന്നു.
കാള്‍സണെക്കൂടാതെ ടെയ്മര്‍ റാഡ്യാബോവ്, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്‍, യോഹാന്‍ സെബാസ്റ്റ്യന്‍ ക്രിസ്റ്റ്യന്‍സണ്‍ തുടങ്ങിയ പല വമ്പന്മാരെയും പ്രജ്ഞാനന്ദ തോല്‍പ്പിച്ചിട്ടുണ്ട്. മുന്‍പ് ഒരു തവണ കാള്‍സണെ സമനിലയില്‍ തളയ്‌ക്കാന്‍ പ്രഗയ്‌ക്ക് പറ്റിയിട്ടുണ്ടെങ്കിലും അയാളെ ആദ്യമായി തോല്‍പ്പിക്കുന്നത് ഇത്തവണയാണ്. അങ്ങനെ വിശ്വനാഥന്‍ ആനന്ദിനും പെന്താല ഹരികൃഷ്ണയ്‌ക്കും ശേഷം കാള്‍സണെ മുട്ടുകുത്തിക്കുന്ന താരമായി പ്രജ്ഞ മാറി. ഇപ്പോള്‍ നടക്കുന്ന എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.
ചെന്നൈയിലെ വേലമ്മാള്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രജ്ഞാനന്ദ. പഠനമോ ചെസ്സോ ഏതാണ് പ്രഗയ്‌ക്ക് പ്രധാനം എന്നുള്ള ചോദ്യത്തിന് അവന്റെ അച്ഛന്‍ പറയുന്ന മറുപടി, പ്രഗ പഠനത്തില്‍ മിടുക്കനാണ്. പക്ഷേ, ചെസ്സിനു മുന്നില്‍ അവനു പഠനം രണ്ടാം സ്ഥാനത്തുമാത്രമാണ്. ചെസ്സ് മത്സരങ്ങള്‍ക്കായി പലയിടത്തും യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പോളിയോ രോഗിയായ അച്ഛന്‍ രമേശ് ബാബുവിന് അവന്റെ ഒപ്പം പോകാനാകില്ല. യാത്രകളില്‍ അമ്മയാണ് പ്രഗയുടെ കൂട്ട്.
പ്രജ്ഞാനന്ദയെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം ചെറുപ്രായത്തിലേ വമ്പന്‍ വിജയം മാത്രമായിരുന്നില്ല. എണ്ണതേച്ചു ചീകിയ മുടിയും നെറ്റിയില്‍ ഒരു ഭസ്മക്കുറിയുമായി കളിക്കാനിരുന്ന പ്രഗയെ തങ്ങളില്‍ ഒരുവനായോ തങ്ങളുടെ കുട്ടിക്കാലത്തിന്റെ പ്രതീകമായോ ആണ് നിരവധിപേര്‍ കണ്ടത്. പ്രത്യേകിച്ചും മലയാളികള്‍. അമ്പുപോലെ തുളയ്‌ക്കുന്ന നോട്ടവുമായി ചെസ്സ് ബോര്‍ഡിനരികില്‍ ഇരിക്കുന്ന പ്രജ്ഞയുടെ ചിത്രം പെട്ടെന്നാണ് വൈറലായത്. ഒപ്പം അവന്റെ കുടുംബത്തിന്റെ ചിത്രങ്ങളും. സാമ്പത്തികക്കൊഴുപ്പോ ഗ്ലാമറോ ഒന്നും ഇല്ലാത്ത ഒരു സാധാരണ തമിഴ് കുടുംബം. ആ കുടുംബത്തെയും കുഞ്ഞുപ്രജ്ഞയെയും പെട്ടെന്നാണ് തങ്ങളുടെതായി ഇന്ത്യന്‍ സൈബര്‍ ലോകം ഏറ്റെടുത്തത്.
പ്രജ്ഞയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇട്ട ട്വീറ്റും വൈറലായിരുന്നു. സച്ചിനും പ്രജ്ഞയ്‌ക്കുമിടയില്‍ എവിടെയൊക്കെയോ സാമ്യതകളുണ്ടോ? രമേശ് ബാബു എന്നാണ് പ്രജ്ഞാനന്ദയുടെ പിതാവിന്റെ പേര്. സച്ചിന്റെ അച്ഛന്റെ പേരും രമേശ് എന്നുതന്നെ. രമേശ് തെണ്ടുല്‍ക്കര്‍. പ്രജ്ഞയെപ്പോലെ സച്ചിനും ആദ്യം വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത് പതിനാറാം വയസ്സില്‍. ഇന്റര്‍ സ്‌കൂള്‍ മത്സരത്തില്‍ വിനോദ് കാംബ്ലിക്കൊപ്പം ഒരിന്നിങ്‌സില്‍ ഇരുവരും ചേര്‍ന്ന് 664 റണ്ണുകള്‍ അടിച്ചുകൂട്ടിയിടത്താണ് സച്ചിനെപ്പറ്റിയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുന്നത്.
സ്വന്തം പ്രജ്ഞയില്‍ ആനന്ദം കണ്ടെത്തി ചെസ്സില്‍ മറ്റൊരിതിഹാസമാകട്ടെ, നമ്മുടെ പ്രജ്ഞാനന്ദയും. തന്നെ മാധ്യമങ്ങള്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്നതൊന്നും ഈ സ്ഥിതപ്രജ്ഞനെ ബാധിക്കുന്നില്ല. കാള്‍സണെ തോല്‍പ്പിച്ച് ലോകനെറുകയില്‍ എത്തിയപ്പോള്‍, ഈ വിജയം എങ്ങനെ ആഘോഷിക്കുന്നു എന്നു ചോദിച്ച മാധ്യമങ്ങളോട് അവന്‍ പറഞ്ഞത് എനിക്ക് ഉറക്കം വരുന്നുണ്ട് എന്നു മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: