യുദ്ധഭൂമിയായ ഉക്രൈനില്‍നിന്ന് വിദ്യാര്‍ത്ഥികളടക്കം ഭാരത പൗരന്മാരെ മടക്കിക്കൊണ്ടുവരുന്ന രക്ഷാദൗത്യം സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഓപ്പറേഷന് ഗംഗ എന്നു പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ വിദേശകാര്യ കൂടിയാലോചനാസമിതി യോഗത്തില്‍ പങ്കെടുത്തശേഷമാണ് പതിവിന് വിപരീതമായി കോണ്‍ഗ്രസ് എംപി കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിച്ച് പ്രതികരിച്ചത്. വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കൃത്യമായ മറുപടി നല്‍കിയെന്നും, ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചത് ക്രിയാത്മക പ്രതിപക്ഷം എങ്ങനെ പെരുമാറണം എന്നതിന് ഉദാഹരണമാണ്. എസ്. ജയശങ്കറിന് പുറമെ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രിമാരായ വി. മുരളീധരനും മീനാക്ഷി ലേഖിയും പങ്കെടുത്ത യോഗത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള ഒന്‍പത് എംപിമാരും സംബന്ധിച്ചിരുന്നു. തരൂരിന്റെ നല്ല വാക്കുകളെ സ്വാഗതം ചെയ്യുന്നതിനൊപ്പം ഇവിടെ ഒരു ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രതിപക്ഷം സമ്മതിക്കുന്നതുപോലെ തന്നെയല്ലേ ഉക്രൈന് വിഷയത്തില്‍ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്? എന്നിട്ടും എന്തിനാണ് സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്?
ഉക്രൈനില്‍നിന്നുള്ള രക്ഷാദൗത്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റി എന്നു കുറ്റപ്പെടുത്തി വിദേശകാര്യമന്ത്രി ജയശങ്കറിന്റെ വസതിക്കു മുന്നില്‍ ധര്‍ണ നടത്തിയവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് പിന്‍ബലം നല്‍കുന്നതിനായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ രക്ഷാദൗത്യത്തിന്റെ ഒരു ഘട്ടത്തിലും കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച ദിവസംതന്നെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഇതുസംബന്ധിച്ച് മറ്റൊരു യോഗവും ചേര്‍ന്നു. ഓപ്പറേഷന് ഗംഗയ്ക്കു കീഴില്‍ ഉക്രൈനിലെ ഭാരത പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മറ്റൊരു യോഗവും ചേരുകയുണ്ടായി. സ്ഥിതിഗതികള്‍ വഷളാവാന്‍ തുടങ്ങിയപ്പോള്‍തന്നെ ഉക്രൈനിലെ ഭാരത എംബസി വഴി നമ്മുടെ പൗരന്മാര്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഉക്രൈനില്‍നിന്ന് എത്രയുംവേഗം മടങ്ങിപ്പോരാനാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യുദ്ധം തുടങ്ങിയതോടെ ഉക്രൈനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലേക്ക് നീങ്ങാനും നിര്‍ദ്ദേശം നല്കി. യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്നു പോരാന്‍ കഴിയാത്ത ഭാരത പൗരന്മാര്ക്ക് സുരക്ഷിതപാത ഒരുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ആവശ്യപ്പെടുകയുണ്ടായി. ഉക്രൈന് അതിര്‍ത്തി കടന്നുവരുന്നവരെ കരസേനാ വിമാനങ്ങള്‍ വഴിയും സ്വകാര്യ വിമാനങ്ങള്‍ വഴിയും രാജ്യത്തെത്തിക്കാനും തുടങ്ങിയിരുന്നു.
ഈ പ്രവര്‍ത്തനം വിജയകരമായി മുന്നേറുന്നതിനിടെയാണ് ഉക്രൈനിലെ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന കുപ്രചാരണം പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയത്. യുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുമെന്ന് ഉക്രൈന് പ്രതീക്ഷിച്ചിരുന്നില്ല. പരീക്ഷകള്‍ എഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥികളും ഈ മനോഭാവക്കാരായിരുന്നു. ഇതുകൊണ്ടാണ് ഉക്രൈന് വിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവര്‍ അവഗണിച്ചത്. യുദ്ധം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉക്രൈന്റെ അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതോടെയാണ് കേന്ദ്രമന്ത്രിമാരെ ഉക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ എന്നിവിടങ്ങളിലേക്ക് അയച്ച് രക്ഷാദൗത്യം ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം 20,000 ഭാരത പൗരന്മാരാണ് ഉക്രൈനിലുള്ളത്. ഇവരില്‍ 18,000 പേര് ആ രാജ്യം വിട്ടു. ഇവരെ പല രാജ്യങ്ങളിലേക്ക് വിമാനങ്ങളയച്ച് മടക്കിക്കൊണ്ടുവരികയാണ്. അവസാനത്തെ പൗരനെയും സുരക്ഷിതമായി രാജ്യത്തെത്തിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച് വിജയകരമായി രക്ഷാദൗത്യം പൂര്‍ത്തീകരിച്ചുവരികയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തങ്ങളുടെ വിദ്യാര്‍ത്ഥികളെ’ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അന്തരീക്ഷം വഷളാക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നതില്‍ യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ലെന്നിരിക്കെ ആപത്തുകാലത്തും വിഘടനവാദം വളര്‍ത്തുന്ന നടപടികളാണ് ഈ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ശത്രുതാപരമായ ഇത്തരം സമീപനമല്ല, ശശി തരൂര്‍ പ്രകടിപ്പിച്ചതുപോലുള്ള വിവേകമാണ് ഇവരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: