നിങ്ങള്‍ക്കു സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാഭ്യാസവും സാംസ്‌ക്കാരിക പരിശീലനവും ലഭിക്കുന്നുണ്ട്. സാമൂഹികജീവിതത്തിലും ഗൃഹജീവിതത്തിലും മാതാപിതാക്കളോടൊപ്പമുള്ള അനുഗൃഹീതമായ സഹവാസത്തിലൂടെ നിങ്ങള്‍ അനുഭവങ്ങള്‍ നേടുന്നു. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണതയാണ്. നിങ്ങളുടെ ജീവിതലക്ഷ്യം യോഗയാണെന്ന് ശാസ്ത്രങ്ങള്‍ പറയുന്നു.
യോഗ എന്നാല്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണതയാണ്. വിദ്യാഭ്യാസം നിങ്ങളുടെ സഹജപ്രകൃതിയുടെ ആദ്ധ്യാത്മിക വശത്തെ വളര്‍ത്തുന്നതാകണം. അത് ജീവിതത്തിനു സ്വാശ്രയത്വം നേടാന്‍ സഹായിക്കുന്നതാകണം. അതു നിങ്ങളുടെ വീക്ഷണത്തെ വിശാലമാക്കുന്നതാകണം. അതുമൂലം ചുറ്റുമുള്ളവരും നമ്മളും ഒന്നാണെന്ന തോന്നലുണ്ടാകണം. അതു നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തികളെ ഉണര്‍ത്തുന്നതായിരിക്കണം. ആ ശക്തിമൂലം നിങ്ങളെക്കൊണ്ട് ലോകത്തിനു ഉപകാരമുണ്ടാകണം. സഹജീവികള്‍ക്ക് സേവനം ചെയ്യാനുള്ള പ്രതിപത്തിയും ഈശ്വരനെ പ്രാപിക്കാനുള്ള അതിയായ അഭിലാഷവുമാണ് ശരിയായ സാംസ്‌കാരികോന്നതി(പ്രബുദ്ധത)യുടെ ലക്ഷണങ്ങള്‍.
വിദ്യാഭ്യാസം, ഈ സംസ്‌കാരത്തില്‍ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുന്നതായിരിക്കണം. സമൂഹത്തിലെ അധഃസ്ഥിതരോടും അനാഥരോടും ഐക്യം തോന്നിപ്പിക്കാത്തതും, ഈശ്വരദര്‍ശനത്തിനു അഭിലാഷം തോന്നിപ്പിക്കുവാനായി നിങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിക്കാത്തതും, പരമസത്യത്തിന്റെ ആനന്ദപ്രദമായ മുഖത്തേക്കു നിങ്ങളുടെ മനസ്സിനെ തിരിക്കാത്തതുമായ വിദ്യാഭ്യാസം വിദ്യാഭ്യാസമേ അല്ല.
വിവഃ കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക