ന്യൂദല്‍ഹി: ഉക്രൈയ്ന് രക്ഷാദൗത്യമായ ‘ഓപ്പറേഷന് ഗംഗ’യിലൂടെ ഇതുവരെ 20,000ലധികം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇനിയും രണ്ടായിരത്തിനടുത്ത് ആളുകള്‍ അവശേഷിക്കുന്നുണ്ട്. അവരെയും ഏതുവിധേനയും രക്ഷപെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദേശകാര്യമന്ത്രാലയം.
സുമിയില്‍ കുടുങ്ങിയ കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്ക അതേ തീവ്രതയോടെ സര്‍ക്കാരും ഉള്‍ക്കൊള്ളുന്നുണ്ട്. എങ്ങനെയും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാനാണ് ശ്രമം. ഉക്രൈയ്ന്, റഷ്യന്‍ സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
കര്‍ക്കീവിലും പിസോച്ചിനിലും നിന്ന് ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന നമ്മുടെ ആവശ്യത്തോട് ഉക്രെയ്ന് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അവിടെ ഇന്ത്യന്‍ എംബസി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. സുമിയിലെ ദൗത്യം ഏറെ ശ്രമകരമാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടരുകയാണ്. അടുത്ത 24 മണിക്കൂറില്‍ 16 വിമാനങ്ങളാണ് ഓപ്പറേഷന് ഗംഗ ദൗത്യത്തിന്റെ ഭാഗമാവുന്നതെന്ന് വി. മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: