കാന്‍ബറ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ (52) അന്തരിച്ചു. തായ്ലന്ഡിലെ വീട്ടില്‍വെച്ച് ഹൃദയാഘാതം മൂലമാണ് അദേഹം മരിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ താരങ്ങളിലൊരാളായിരുന്നു ഷെയ്ന് വോണ്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കിരീട ജേതാവായ ക്യാപ്റ്റന്‍ കൂടിയാണ്. രാജസ്ഥാന് റോയല്‍സിനൊപ്പമായിരുന്നു വോണിന്റെ ആദ്യ ഐപിഎല്‍ കിരീടം.
1993 ജൂണ്‍ 4 ന് മാഞ്ചസ്റ്ററിലെ മൈതാനത്ത് ഷെയ്ന് കീത്ത് വോണിന്റെ കൈവിരലുകളില്‍ നിന്ന് ഊര്‍ന്നു വീണ പന്ത് അത്തരമൊരു ഈശ്വര ലാസ്യമായിരുന്നു. ഇംഗ്ളീഷ് നിരയിലെ നിത്യശാന്തനായ പോരാളി മൈക് ഗാറ്റിങ്ങിന്റെ ബെയ്ല് തെറിപ്പിച്ച ആ പന്ത് എങ്ങനെ പിറന്നു എന്നത് വോണിനും അറിയുമായിരുന്നില്ല…
പന്തേറിലെ അതിവേഗക്കാരുടെ ഇടയിലേക്കുള്ള വോണിന്റെ കടന്നു വരവ് ഒരു കൗതുകമായിരുന്നു … ബേദിയും മനീന്ദറും മുതല്‍ കുംബ്ളെയും രാജുവും ഭാജിയും വരെയുള്ളവര്‍ സ്പിന്നില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്ക്കപ്പുറമായിരുന്നു അത്… അബ്ദുള്‍ ഖാദിറും കാള്‍ ഹൂപ്പറും മുത്തയ്യ മുരളീധരനും ഗ്രൗണ്ടിലും ഗാലറിയിലും തീര്‍ത്ത ആരവങ്ങള്‍ക്കപ്പുറം ….
അലസമായി കുശലം ചോദിക്കാനെന്നവണ്ണം ചെറു ചുവടുകള്‍ കൊണ്ട് നടന്ന് വന്ന് വോണ്‍ എറിയും…. എറിയുമെന്ന് പറയുന്നതിനേക്കാള്‍ കൈയില്‍ നിന്ന് അതു വഴുതി വീഴുകയാണ് എന്ന് പറയുന്നതാവും നല്ലത് …. ബാറ്റേന്തിയാല്‍ ഓരോ ഷോട്ടും അളന്നു നോക്കി നേരിടുന്ന ഗാറ്റിങ്ങിന്റെ മുന്നിലേക്ക് അത് കറങ്ങി വീണു. ഗാറ്റിങ് ബാറ്റും പാഡും ഉപയോഗിച്ച് പഴുതടച്ച് പ്രതിരോധിച്ചു … എഡ്ജിലുരുമ്മി ബെയ്ലിനെ തലോടി വോണിന്റെ പന്ത് വിക്കറ്റിന് മുന്നില്‍ ചലനം നിലച്ച് നിന്നു. … ഗാറ്റിങ് എന്ന് ആര്‍ത്തു വിളിച്ചിരുന്ന ഗാലറിയുടെ ശബ്ദം നിലയ്ക്കുകയും അത് ദീര്‍ഘ നിശ്വാസങ്ങളുടെ ഇരമ്പമായി മാറുകയും ചെയ്തു …. നടുക്കം വിട്ടു മാറാതെ ഗാറ്റിങ് പന്തിലേക്കും വിക്കറ്റിലേക്കും വോണിന്റെ മുഖത്തേക്കും മാറി മാറി നോക്കി ….. നൂറ്റാണ്ടിന്റെ പന്ത് എന്ന് ക്രിക്കറ്റ് ലോകം ആ സ്പെല്ലിന് പേരിട്ടു
ആരാധകരുടെ വാണീ അങ്ങനെയായിരുന്നു …. അവിശ്വസനീയമായത് സംഭവിപ്പിക്കുന്നവന്‍… കൊടുങ്കാറ്റുകള്‍ക്കിടയില്‍ ഇളം തെന്നലായി മാറിയ ലെഗ് സ്പിന്‍ വസന്തങ്ങളില്‍ സമീപനം കൊണ്ട് വാശിയും ആവേശവും നിറച്ചവന്… പിച്ചില്‍ പന്തിനെ കുത്തിത്തിരിപ്പിച്ച് ലക്ഷ്യത്തിലേക്ക് എയ്തുവിടാന്‍ സമര്ത്ഥനായവന്…. അവനെ നേരിടാന്‍ മാത്രം സച്ചിന് അടക്കമുള്ള ലോകോത്തര ബാറ്റിങ് പ്രതിഭകള്‍ ഉറക്കമുപേക്ഷിച്ച് സ്പിന്നിന്റെ സര്‍വതന്ത്രങ്ങള്‍ക്കും പിന്നാലെ അലഞ്ഞു… പ്രത്യേകം പരിശീലനം നടത്തി … എന്നിട്ടും കൂസലില്ലാതെ വോണ്‍ അവര്‍ക്കു മുന്നില്‍ നിന്നു …. വിക്കറ്റിലേക്ക് പന്ത് എയ്തു… വായുവില്‍ അവ വഴി തിരിഞ്ഞു…. ബാറ്റ്സ്മാന്റെ കാഴ്ചയെ , ശ്രദ്ധയെ പലവട്ടം കബളിപ്പിച്ചു ….. എറിയും മുമ്പേ സിക്സ് എന്ന് ഉറപ്പിച്ച് ആഘോഷിച്ചവര്‍ പലരും കറങ്ങിത്തിരിയുന്ന പന്തിന് മുന്നില്‍ വീണു …. വോണ്‍ ഒരു യുഗമായത് അങ്ങനെയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: