തിരുവനന്തപുരം: റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നീക്കം. ഇതിനായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയാറാക്കാന്‍ ഇരു വകുപ്പുകളും തയാറെടുക്കുന്നു.
ജനുവരിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍. ഇരുവകുപ്പുകളും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവ് നല്കിയാല് മതിയെന്നും പറയുന്നു. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷമാവണം അറ്റകുറ്റപ്പണി. അടിയന്തര ജോലികള്‍ക്കായി അനുമതി നല്കാന് പ്രത്യേക സംവിധാനം ഒരുക്കും.
പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതല്‍ മുന്‍ നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത് വരെയുള്ള ഉത്തരവാദിത്തം ജല അതോറിറ്റിക്ക് ആയിരിക്കും. ഇരുവകുപ്പുകളിലെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തലത്തില്‍ സംയുക്ത പരിശോധന നടത്തുന്നതിനും നിര്‍ദേശമുണ്ട്. ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡിഎല്‍പി) റോഡുകള്‍ കുഴിക്കും മുന്പ്പുനര്നിര്മാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് വാട്ടര്‍ അതോറിറ്റി കെട്ടിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജോലി വൈകിയാല്‍ ഡെപ്പോസിറ്റ് തുകയില്‍ ആനുപാതികമായ തുക ഈടാക്കാനും നിര്‍ദേശമുണ്ട്. വാട്ടര്‍ അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോര്‍ഡും സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: